2030ഓടെ രാജ്യത്തെ ഭക്ഷണമാലിന്യം പകുതിയാക്കി കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾക്ക് യുഎഇ തുടക്കമിട്ടു. യുഎഇയിൽ വർഷത്തിൽ 600 കോടി ദിർഹത്തിന്റെ ഭക്ഷണം പാഴാക്കുന്നുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി ഊർജിതമാക്കിയത്. സുസ്ഥിര ഭാവി കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം.റസ്റ്ററന്റുകൾ മുതൽ വീടുകളിൽ വരെ കൂടുതൽ ഉത്തരവാദിത്തത്തോടെ ഭക്ഷ്യോൽപന്നങ്ങൾ കൈകാര്യം ചെയ്യുകയും ഉപയോഗിക്കുകയും വേണമെന്നാണ് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നത്. ഭക്ഷണം പാഴാക്കുന്നതും ഭക്ഷണമാലിന്യങ്ങൾ കുറയ്ക്കുന്നതിനും നേതൃത്വം നൽകുന്ന സമിതി നിഹ്മയുടെ നേതൃത്വത്തിൽ നടക്കുന്ന ബോധവൽക്കരണവുമായി അബുദാബി നിക്ഷേപക കമ്പനിയായ എഡിക്യുവും മാലിന്യനിർമാർജന വിഭാഗമായ തദ്‌വീറും സഹകരിക്കുന്നുണ്ട്. ഭക്ഷണത്തിൽ മിതവ്യയം പാലിക്കേണ്ടതിന്റെ സംസ്കാരം ജനങ്ങളൽ ളത്തിയെടുക്കും.മിച്ചം വരുന്ന ഭക്ഷണം ശേഖരിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്തുവരുന്ന റിപ്ലേറ്റ് പദ്ധതിയിലൂടെ ടൺകണക്കിന് ഭക്ഷണം പാഴാക്കുന്നത് തടയാനും മാലിന്യവും പരിസ്ഥിതി മലിനീകരണവും കുറയ്ക്കാനും സാധിച്ചു. യുഎഇ ഭക്ഷ്യസുരക്ഷാ കർമസമിതിയുടെ മേൽനോട്ടത്തിലാണ് കർശന നടപടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതെന്ന് എമിറേറ്റ്സ് ഭക്ഷ്യ സുരക്ഷാ കൗൺസിൽ വ്യക്തമാക്കി.
പ്രാദേശിക, ഫെഡറൽ തലങ്ങളിൽ കാർഷിക – ഭക്ഷ്യ ഡേറ്റ തയാറാക്കുക, ഭക്ഷണം പാഴാക്കുന്നത് തടയുന്നതിന് ഏകീകൃത സംവിധാനം സ്ഥാപിക്കുക, കാർഷിക പദ്ധതികൾക്ക് കാലോചിത പിന്തുണ നൽകുക, ഭക്ഷ്യ ഇറക്കുമതി നിയന്ത്രിക്കുക, പ്രാദേശിക കാർഷിക ഉൽപന്നങ്ങൾ വാങ്ങാൻ പ്രോത്സാഹിപ്പിക്കുക, പ്രാദേശിക ഉൽപന്നങ്ങളുടെ മത്സരക്ഷമത തടസ്സപ്പെടുത്തുന്ന മറ്റു പ്രമോഷനുകൾ നിയന്ത്രിക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ.
മധ്യപൂർവദേശത്തെ പ്രതികൂല കാലാവസ്ഥയിൽ കൃഷിയെ സഹായിക്കുന്നതിന് ആധുനിക സാങ്കേതികവിദ്യകൾ സ്വായത്തമാക്കുന്ന ഗവേഷണത്തിലും വികസനത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കൗൺസിൽ ആവശ്യപ്പെട്ടു. 2051ഓടെ ആഗോള ഭക്ഷ്യസുരക്ഷാ സൂചികയിൽ ഒന്നാം സ്ഥാനത്ത് എത്തുകയാണ് യുഎഇയുടെ ലക്ഷ്യം.