ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ ആഗോള കോര്‍പ്പറേറ്റ് സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ അമ്പതാമത്തെ സൗജന്യ മൊബൈല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം ഉപരാഷ്ട്രപതി ജഗ്ദീപ് ധനകര്‍ നിര്‍വഹിച്ചു. ജമ്മു കശ്മീരിലെ ശ്രീനഗറിലും കര്‍ണാടകയിലെ കലബുറഗിയിലും പുതുതായി രണ്ട് മൊബൈല്‍ ക്ലിനിക്കുകളാണ് സേവനം ആരംഭിച്ചത്. അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉള്‍പ്പെടുന്ന സഞ്ചരിക്കുന്ന ക്ലിനിക്കാണ് ആസ്റ്റര്‍ വോളന്റിയേഴ്‌സ് ഒരുക്കിയിട്ടുള്ളത്. ഇന്റര്‍നെറ്റ് അധിഷ്ഠിതമായി പരസ്പരം ബന്ധിപ്പിക്കപ്പെട്ടിട്ടുള്ള (ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ്) മൊബൈല്‍ ക്ലിനിക്കില്‍, ടെലി-മെഡിസിന്‍ സേവനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. സ്‌പെഷ്യലിസ്റ്റ്, സൂപ്പര്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ഇന്റര്‍നെറ്റിലൂടെയും ഫോണിലൂടെയും ലഭ്യമാകും.
ഉപരാഷ്ട്രപതി ജഗ്ദീപ് ധനകര്‍ പുതിയ മൊബൈല്‍ ക്ലിനിക്കുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പന്‍, ഡയറക്ടര്‍ അനൂപ് മൂപ്പന്‍, ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഗവര്‍ണന്‍സ് വിഭാഗം മേധാവിയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ടി.ജെ. വില്‍സണ്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇന്ത്യന്‍ ലാണ്‍ ടെന്നീസ് അസോസിയേഷന്റെ വൈസ് പ്രസിഡന്റും ഡല്‍ഹി പ്രസിഡന്റ് ഓഫ് മിക്‌സഡ് മാര്‍ഷ്യല്‍ അര്‍ട്‌സുമായ പ്രബല്‍ പ്രതാപ് സിംഗ് തോമര്‍, പദ്ധതിയെ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് പ്രചരിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉത്തരേന്ത്യയിലും രാജ്യത്തിന്റെ മറ്റ് ഒറ്റപ്പെട്ട പ്രദേശങ്ങളിലും കഴിയുന്ന പാവപ്പെട്ടവര്‍ക്ക് ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുന്നതിനായി ആസ്റ്റര്‍ വോളന്റിയേഴ്‌സ് തുടര്‍ന്നുവരുന്ന പ്രവര്‍ത്തനങ്ങളിലെ നിര്‍ണായക നാഴികക്കല്ലാണ് ഈ നേട്ടം.അശോക് ലെയ്‌ലാന്‍ഡിന്റെ 7 മീറ്റര്‍ നീളമുള്ള മിത്ര് എന്ന വാഹനത്തിലാണ് പുതിയ മൊബൈല്‍ ക്ലിനിക്കുകള്‍ സജ്ജമാക്കിയിട്ടുള്ളത്. രോഗികള്‍ക്ക് കാത്തിരിപ്പ് ഇടവും രജിസ്‌ട്രേഷന്‍ ഡെസ്‌കും പ്രാഥമിക പരിശോധനകള്‍ക്കായി ഒരു ചെറിയ ലബോറട്ടറിയും ഉണ്ട്. മരുന്നുകളും മറ്റും കേടുകൂടാതെ സൂക്ഷിക്കുന്നതിന് റെഫ്രിജറേറ്റര്‍ സംവിധാനവും തയാറാണ്. ഡോക്ടറെ കാണുന്നതിനായി പ്രത്യേക മുറിയും വാഹനത്തിലുണ്ട്. ആരോഗ്യസംബന്ധമായ ബോധവത്കരണ പരിപാടികളുടെ പ്രചാരണത്തിനായിട്ടുള്ള സ്‌ക്രീനും സജ്ജീകരിച്ചിട്ടുണ്ട്. വാഹനത്തിന് പുറത്തേക്ക് തണല്‍ വിരിക്കാനുള്ള സംവിധാനവും ഉണ്ട്. വായു ശീതീകരണം, അണുബാധ തടയുന്നതിനുള്ള സംവിധാനങ്ങള്‍, വൈഫൈ, ഉള്‍ഗ്രാമങ്ങളിലും കൃത്യമായി വഴികാട്ടുന്ന ജിപിഎസ് സംവിധാനം എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറും അശോക് ലെയ്‌ലാന്‍ഡുമായി ചേര്‍ന്നുള്ള സഹകരണത്തിലൂടെ ഇന്ത്യയില്‍ നടത്തിവരുന്ന സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ഭാഗമാണ് ഈ മൊബൈല്‍ ക്ലിനിക്കുകള്‍.നിലവില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടകം, തെലുങ്കാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഒഡിഷ, ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലായി ആകെ 31 മൊബൈല്‍ ക്ലിനിക്കുകളാണ് ഇന്ത്യയില്‍ ആസ്റ്റര്‍ വോളന്റിയേഴ്‌സ് നടത്തിവരുന്നത്. ഗുജറാത്തിലും ആന്ധ്ര പ്രദേശിലും കൂടി ഉടന്‍ പുതിയ യൂണിറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങും. 2025ല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരത്തില്‍ പുതിയ 10 യൂണിറ്റുകള്‍ കൂടി തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.