അബൂദബി: സിക്ക് ലീവ് സർട്ടിഫിക്കറ്റുകൾ വാട്സാപ്പ് വഴി നിയമ വിരുദ്ധമായി വിൽക്കുന്നത് കണ്ടെത്തിയതിനെത്തുടർന്ന് അബൂദബി ആരോഗ്യ വകുപ്പ് എമിറേറ്റിലെ നാല് ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ എന്നേക്കുമായി അടച്ചുപൂട്ടി. ഈ സ്ഥാപനങ്ങൾ പൂട്ടിയതായും ജീവനക്കാരെ അന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷനിലേയ്ക്ക് അയച്ചതായും വകുപ്പ് അറിയിച്ചു.
”പണത്തിന് പകരമായി യാതൊരു മെഡിക്കൽ പരിശോധനയും നടത്താതെ വാട്സാപ്പ് വഴി അസുഖ അവധി സർട്ടിഫിക്കറ്റുകൾ നിയമ വിരുദ്ധമായി നൽകിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി” -വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.രോഗികളുടെ രേഖകൾ വ്യാജമായി നിർമിച്ചതും, ആരോഗ്യ ഇൻഷുറൻസ് ദാതാക്കൾക്ക് അനുചിത ക്ലെയിമുകൾ സമർപ്പിച്ചതും കണ്ടെത്തി.പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഉയർന്ന തലത്തിലുള്ള സേവന നിലവാരം, സുതാര്യത, ഉത്തരവാദിത്തം, ആരോഗ്യ സംരക്ഷണ സംവിധാനത്തിലുള്ള വിശ്വാസം എന്നിവ നിലനിർത്തുന്നതിനും അബൂദബിയിലെ എല്ലാ ആരോഗ്യ സംരക്ഷണ ദാതാക്കളും നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്ന് വകുപ്പ് അഭ്യർത്ഥിച്ചതായും പ്രമുഖ ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറഞ്ഞു.