എക്സ്പോ സന്ദർശകർക്കായുള്ള മൊബൈൽ ആപ്പ് പ്രവർത്തനമാരംഭിച്ചു. സന്ദർശകർക്ക് ഇഷ്ടത്തിനനുസരിച്ച് എക്സ്‌പോ യാത്ര ക്രമീകരിക്കാൻ സഹായകമാകുംവിധമാണ് ഇത് നിർമിച്ചിട്ടുള്ളത്. ആപ്പ് വഴി ടിക്കറ്റെടുക്കാനും 200-ഓളം ഭക്ഷണശാലകളിലെ ഇഷ്ടവിഭവങ്ങൾ ഓർഡർ ചെയ്ത് സമയം തിരഞ്ഞെടുക്കാനുമെല്ലാം ഇതിലൂടെ കഴിയും.ഇതിലെ ഇന്റലിജന്റ് സ്മാർട്ട് ക്യൂ സംവിധാനത്തിലൂടെ വിവിധ പവിലിയനുകളിലേക്കുള്ള യാത്രാസമയം കണക്കാക്കി ബുക്കുചെയ്ത് പ്രവേശന കവാടങ്ങളിലെ തിരക്കൊഴിവാക്കാം.
എക്സ്‌പോയുടെ ഡിജിറ്റൽ സേവന പങ്കാളിയായ ആക്‌സെഞ്ചറുമായി ചേർന്ന് രൂപകല്പന ചെയ്ത ആപ്പ് ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ലഭ്യമാണ്.എക്സ്‌പോ വേദികളുടെ പ്രവർത്തനം, പാർക്കിങ് വിവരങ്ങൾ, വേദികളിലേക്കും തിരിച്ചുമുള്ള പൊതുഗതാഗത സംവിധാന ങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇതിലൂടെ എളുപ്പമറിയാനാകും.
ബിസിനസ് മീറ്റുകളെക്കുറിച്ചുള്ള വിശദവിവരങ്ങൾക്കും ബുക്കിങ്ങുകൾക്കുമായി എക്സ്‌പോ 2020 ബിസിനസ് ആപ്പും പ്രത്യേകമായുണ്ട്. എക്സ്‌പോയിലെ എല്ലാ അദ്‌ഭുതക്കാഴ്ചകളെക്കുറിച്ചും മനസ്സിലാക്കി സമയം ക്രമീകരിക്കാൻ സന്ദർശകരെ ആപ്പ് സഹായിക്കുമെന്ന് എക്സ്‌പോ 2020 ചീഫ് ടെക്നോളജി ഓഫീസർ മൊഹമ്മദ് അൽ ഹാഷിമി പറഞ്ഞു.