ദുബായ് : ലോകമേളയായ എക്സ്‌പോ 2020 ആരംഭിച്ചതുമുതൽ യു.എ.ഇ. ഭരണാധികാരികൾ സ്ഥിരം സന്ദർശകരായി. കഴിഞ്ഞ ദിവസം യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ എക്സ്‌പോയിലെ യു.എ.ഇ. പവിലിയനിൽ കൂടിക്കാഴ്ച നടത്തി.
മികച്ച ആശയങ്ങൾ രൂപപ്പെടുത്തുന്നതിനും ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്നതിനുമുള്ള അവസരമാണ് എക്‌സ്‌പോയിലെ ഒത്തുചേരലുകളെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ഒക്ടോബർ ഒന്നിന് എക്സ്‌പോ ആരംഭിച്ചതുമുതൽ ദുബായ് ഭരണാധികാരി സ്ഥിരം സന്ദർശകനാണ്. ബുധനാഴ്ച സീഷെൽസ്, മോണ്ടിനെഗ്രോ എന്നിവിടങ്ങളിലാണ് അദ്ദേഹം സന്ദർശിച്ചത്.
                                










