ദുബായ്: 18 വയസ്സ് പൂർത്തിയായ എക്സ്പോ സന്ദർശകർ കോവിഡ് വാക്സിനേഷൻ റിപ്പോർട്ടോ 72 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് റിപ്പോർട്ടോ കരുതണം. സന്ദർശകർ അതത് രാജ്യങ്ങളിലെ വാക്സീൻ സ്വീകരിച്ചാൽ മതിയാകും.
വാക്സിനേഷൻ നടത്താത്തവർക്കും പിസിആർ റിപ്പോർട്ട് കരുതാത്തവർക്കും എക്സ്പോ വേദിയോടനുബന്ധിച്ചുള്ള കേന്ദ്രത്തിലോ നഗരത്തിലെ നിശ്ചിത കേന്ദ്രങ്ങളിലോ പിസിആർ പരിശോധനയ്ക്ക് സൗകര്യമുണ്ട്.
എക്സ്പോ ടിക്കറ്റുള്ളവർക്ക് സൗജന്യമായി പിസിആർ പരിശോധന നടത്താം. പ്രവേശന കവാടത്തിൽ തെർമൽ സ്കാനറുകൾ സ്ഥാപിച്ചു സന്ദർശകരുടെ ശരീരോഷ്മാവ് പരിശോധിക്കുകയും വേദിയിലും പുറത്തും അകലം ഉറപ്പാക്കാൻ നടപടി സ്വീകരിക്കുകയും ചെയ്യും.
മാസ്ക് ധരിക്കണം, അകലമിടണം
മാസ്ക് ധരിക്കുക, അകലം പാലിക്കുക തുടങ്ങിയ മാർഗനിർദേശങ്ങൾ സന്ദർശകർ പാലിക്കുകയും വൊളന്റിയർമാരുടെ നിർദേശങ്ങൾ അനുസരിക്കുകയും വേണം. സന്ദർശകരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കി.
എക്സ്പോ ആരോഗ്യ കേന്ദ്രങ്ങളിൽ രാപകൽ വിദഗ്ധ ഡോക്ടർമാരുടെയും ജീവനക്കാരുടെയും േസവനം ലഭ്യമാണ്. കോവിഡ് ലക്ഷണമുള്ളവരെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റും. അസ്വസ്ഥത തോന്നിയാൽ വേദിയോടനുബന്ധിച്ചുള്ള പ്രാഥമിക പരിശോധനാ കേന്ദ്രങ്ങളിലെത്താം. സഹായം തേടി 4 മിനിറ്റിനകം മെഡിക്കൽ സംഘത്തോടൊപ്പം ആംബുലൻസ് എത്തും.
വലിയ വാഹനങ്ങൾ എത്താത്ത മേഖലകളിൽ ആംബുലൻസ് സേവനങ്ങൾക്ക് സ്ട്രച്ചറുകളോടു കൂടിയ ഗോൾഫ് കാറുകളാണ് ഒരുക്കിയത്. ഇലക്ട്രിക് സൈക്കിളുകളിലും ആരോഗ്യപ്രവർത്തകരെത്തും. എക്സ്പോ നഗരത്തിന്റെ 20 ഭാഗങ്ങളിൽ സെൻട്രൽ ഓപ്പറേഷൻ റൂമുമായി ബന്ധിപ്പിച്ച ആംബുലൻസുകളുണ്ട്.