ദുബായ് :അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യക്കും യുഎഇക്കും ഇടയിലുള്ള വിമാന നിരക്കുകളിൽ 20 ശതമാനത്തോളം കുറവ് സംഭവിക്കും. സിഎൻബിസി-ടിവി18 ന് നൽകിയ അഭിമുഖത്തിൽ ഇന്ത്യയിലെ യുഎഇ അംബാസഡർ അബ്ദുൾനാസർ അൽഷാലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടിക്കറ്റ് നിരക്കുകളിലെ ഈ കുറവ് ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഏകദേശം 100 കോടി രൂപയോളം ലാഭിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.യുഎഇ ഇന്ത്യയുമായി 4:1അനുപാതത്തിലുള്ള എയർ കണക്റ്റിവിറ്റി ക്രമീകരണം നിർദ്ദേശിച്ചിട്ടുണ്ടെന്ന് അൽഷാലി വെളിപ്പെടുത്തി. ഈ നിർദ്ദേശ പ്രകാരം, ഇന്ത്യൻ വിമാനക്കമ്പനികൾക്ക് നാല് അധിക വിമാനങ്ങൾ സർവിസ് നടത്താനോ യുഎഇ വിമാനക്കമ്പനികൾക്ക് അനുവദിക്കുന്ന ഓരോ അധിക വിമാനത്തിനും സീറ്റ് ശേഷി വർദ്ധിപ്പിക്കാനോ അനുവാദമുണ്ടാകും. അതേസമയം, ഈ സംരംഭം താൽക്കാലികമാണെന്നും ഇന്ത്യൻ വിമാനക്കമ്പനികൾ അവരുടെ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനായി മുന്നോട്ടു വന്നാൽ 3:1, 2:1, അല്ലെങ്കിൽ 1:1 അനുപാതത്തിലേക്ക് ഇത് മാറാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വ്യോമയാന മേഖലക്ക് പുറമെ, ഇന്ത്യയും യുഎഇയും തങ്ങളുടെ ഉഭയകക്ഷിബന്ധവും ശക്തിപ്പെടുത്തുകയാണ്. പ്രതിവർഷം 15 ശതമാനം നിരക്കിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഉഭയകക്ഷി വാണിജ്യം നിലവിൽ 80 ബില്യൺ യുഎസ് ഡോളറിലെത്തിയിട്ടുണ്ട്. കൂടാതെ, പ്രതിരോധം, പെട്രോളിയം കരുതൽ ശേഖരത്തിന്റെ വിപുലീകരണം, ജീനോം സീക്വൻസിംഗ്, ഡാറ്റാ സെന്ററുകൾ തുടങ്ങിയ പുതിയ മേഖലകളുടെ വികസനത്തിലും ഇന്ത്യയുമായുള്ള സഹകരണം വർദ്ധിപ്പിക്കാൻ യുഎഇ ആഗ്രഹിക്കുന്നുണ്ടെന്ന് അൽഷാലി വ്യക്തമാക്കി