അബൂദബി: വർക്ക് പെർമിറ്റ് ഇല്ലാതെ തൊഴിലാളികളെ നിയമിക്കുന്ന സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കും തൊഴിലുടമകൾക്കും മുന്നറിയിപ്പ് നൽകി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE). മന്ത്രാലയത്തിൽ നിന്ന് വർക്ക് പെർമിറ്റ് നേടുന്ന ഏതൊരു വ്യക്തിയും തൊഴിൽ നിയമങ്ങളുടെ പരിധിയിൽ വരുമെന്ന് ഹ്യൂമൻ റിസോഴ്‌സ് മാഗസിന്റെ ഏറ്റവും പുതിയ പതിപ്പിൽ വ്യക്തമാക്കി. അതേസമയം, തൊഴിലുടമകൾ സാധുവായ പെർമിറ്റ് ഇല്ലാതെ തൊഴിലാളികളെ നിയമിക്കുന്നത് യുഎഇ തൊഴിൽ നിയമത്തിന്റെ ലംഘനമായി കണക്കാക്കും.രാജ്യത്തുടനീളമുള്ള അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) എന്നിവയുമായി സഹകരിച്ച് മന്ത്രാലയം പരിശോധനകൾ നടത്തുന്നുണ്ട്. കൂടാതെ, തൊഴിലുടമ ആവശ്യമായ രേഖകളില്ലാത്ത തൊഴിലാളികളെ നിയമിക്കുന്നതായി കണ്ടെത്തിയാൽ പിഴ ചുമത്തുകയും ചെയ്യും.
മറ്റ് നടപടികൾ
1) തൊഴിലുടമയുടെ ലേബർ ഫയൽ സസ്പെൻഡ് ചെയ്യും.
2) ഗാർഹിക തൊഴിലാളികൾക്ക് പുതിയ വർക്ക് പെർമിറ്റുകൾ നിഷേധിക്കും.
3) നിയമപരവുമായ പിഴകൾക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യും.
2022 ലെ 9ാം ഫെഡറൽ ഡിക്രി-നിയമ പ്രകാരം, സാധുവായ പെർമിറ്റ് ഇല്ലാതെ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതും നിയമപരമല്ലാതെ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യാൻ അനുവദിക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. ഗാർഹിക തൊഴിലാളികളെക്കുറിച്ചുള്ള ഫെഡറൽ ഡിക്രി നിയമത്തിലെ ആർട്ടിക്കിൾ 27 പ്രകാരം, ലൈസൻസില്ലാതെ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നത് കുറഞ്ഞത് ഒരു വർഷം തടവും 200,000 ദിർഹം മുതൽ പത്ത് ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും മന്ത്രാലയം അറിയിച്ചു.