തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റി വെക്കില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കോവിഡ് പ്രോട്ടോകോൾ പ്രകാരം പെരുമാറ്റ ചട്ടം തയാറാക്കി കോവിഡ് മാനദണ്ഡങ്ങൾ ഉൾക്കൊള്ളിച്ച് തന്നെ തിരഞ്ഞെടുപ്പ് നടത്തുമെന്നും കമ്മീഷൻ അറിയിച്ചു.
7 വീതം ജില്ലകളായി രണ്ട് ഘട്ടങ്ങളിലായാവും തിരഞ്ഞെടുപ്പ് നടക്കുക, കോവിഡ് കണക്കിലെടുത്ത് പോളിംഗ് സമയം ഒരു മണിക്കൂർ നീട്ടും. സോഷ്യൽ മീഡിയ ആസ്പദമാക്കിയ പ്രചാരണത്തിന് മുൻതൂക്കം നൽകും, രണ്ടോ മൂന്നോ ആളുകൾ ചേർന്ന ചെറു സംഘങ്ങൾക്ക് വീടുകളിൽ ചെന്ന് വോട്ട് ചോദിക്കാം, തിരഞ്ഞെടുപ്പ് ഡ്യുട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്ക് കയ്യുറകളും മാസ്‌ക്കുകളും നൽകും, പോളിംഗ് കേന്ദ്രങ്ങളിൽ സാനിട്ടൈസർ ഒരുക്കും. സാമൂഹിക അകലം പാലിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കും. 75 വയസ് കഴിഞ്ഞവർക്കും, കോവിഡ് ബാധിച്ചവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും പ്രോക്‌സി/ പോസ്റ്റൽ വോട്ടിനുള്ള സൗകര്യം ഒരുക്കും.
പുതുക്കിയ വോട്ടർ പട്ടിക ആഗസ്റ്റ് രണ്ടാം വാരം പുറത്തിറക്കും, തിരഞ്ഞെടുപ്പിന് ആവശ്യമായ പുതിയ ക്രമീകരണങ്ങൾ ഒരുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ ഭാസ്കരൻ അറിയിച്ചു.