ദുബൈ: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റെറിനും അല്‍മനാര്‍ ഇസ്ലാമിക് സെ ന്റെറിനുമായി, മലയാള ഭാഷയില്‍ രണ്ടും തമിഴ്, ഉറുദു, ഇംഗ്ലീഷ് ഭാഷകളിലായി ഓരോന്നും ഉള്‍പ്പെടെ മൊത്തം അഞ്ച് ഈദ് ഗാഹുകള്‍ നടത്തുവാന്‍ അനുമതി ലഭിച്ചതായി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്ററിലെ ഈദ് ഗാഹിന് മൗലവി അബ്ദുസ്സലാം മോങ്ങവും ഖിസൈസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനു സമീപമുള്ള ടാര്‍ജറ്റ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഈദ്ഗാഹിന് മൗലവി ഹുസൈന്‍ കക്കാടും നേതൃത്വം നല്‍കും. പെരുന്നാള്‍ ദിനത്തില്‍ രാവിലെ 6:20ന് ഈദ്‌നമസ്‌കാരവും തുടര്‍ന്ന് മലയാളത്തില്‍ ഈദ് പ്രഭാഷണവും നടക്കും.
ഇതോടൊപ്പം, ബര്‍ഷാ എന്‍ ജി എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് ഇംഗ്ലീഷ് ഭാഷയില്‍ നടക്കുന്ന ഈദ് ഗാഹിന് ശൈഖ് അയാസ് ഹൗസിയും, മുഹൈസിന സോനാപൂരില്‍ നടക്കുന്ന ഉറുദു ഭാഷയിലെ ഈദ്ഗാഹിന് ഹാഫിസ് നഈമുള്ളാഹ് സനാബുലിയും ഖിസൈസ് ക്രെസന്റ് സ്‌കൂളില്‍ നടക്കുന്ന തമിഴ് ഭാഷയിലെ ഈദ്ഗാഹിന് ശൈഖ് സാദിഖുന്‍ മദനിയും നേതൃത്വം നല്‍കും.യു.എ.ഇ.യുടെ പൊതുമണ്ഡലത്തില്‍ നാലര പതിറ്റാണ്ടായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് നല്‍കിയ ഈ അംഗീകാരത്തിന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂമിനും ദുബൈ മതകാര്യ വകുപ്പ് മേധാവി അഹമദ് ദര്‍വീശ് അല്‍മുഹൈരി, ഡയരക്ടര്‍ ഡോ. ഉമര്‍ മുഹമ്മദ് അല്‍കാത്തിബ് തുടങ്ങിയവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടാതെ ഇപ്രാവശ്യം ആദ്യമായി അജ്മാനില്‍ മലയാളികള്‍ക്കായി ഒരു ഈദ് ഗാഹിന് അനുമതി ലഭിച്ചുവെന്നത് ഏറെ സന്തോഷകരമാണ്. ഇതിന് അനുമതി നല്‍കിയ അജ്മാന്‍ ഭരണാധികള്‍ക്കും മലയാളി സമൂഹത്തിനു വേണ്ടി നന്ദി അറിയിക്കുന്നു. അജ്മാന്‍ അല്‍ജര്‍ഫ് ഹാബിറ്റാറ്റ് സ്‌കൂള്‍ ഗ്രൗണ്ടിലാണ് മലയാളത്തില്‍ ഈദ് ഗാഹ് സംഘടിപ്പിക്കുന്നത്.
പ്രവാസികള്‍ ഏറെയുള്ള ദുബൈയുടെ മര്‍മ്മപ്രധാനമായ പ്രദേശങ്ങളില്‍ ദുബായ് സര്‍ക്കാരിന്റെ സഹകരണത്തോടെ ഒരുക്കുന്ന ഈദ് ഗാഹുകളില്‍ ആയിരങ്ങള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. പെരുന്നാള്‍ പ്രഭാതത്തില്‍ മലയാളികളുടെ ഏറ്റവും വലിയ സംഗമകേന്ദ്രമായി മാറിയിട്ടുള്ള ഈദ്ഗാഹുകള്‍ക്കുള്ള എല്ലാവിധ സജ്ജീകരണങ്ങളും തയ്യാറായിവരുന്നു.
1979ല്‍ ദുബൈ ആസ്ഥാനമായി തുടക്കം കുറിച്ച ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് വിവിധ എമിറേറ്റുകളിലുമായി 10 ശാഖ കമ്മിറ്റികള്‍ നിലവിലുണ്ട്. മത-സാമൂഹ്യ-സാംസ്‌കാരിക മേഖലകളില്‍ വൈവിധ്യമാര്‍ന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇസ്ലാഹി സെന്റര്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളുമായി സഹകരിച്ചു വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്തിവരുന്നു. വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന വ്യതസ്ത വിദ്യാഭ്യാസ സംരംഭങ്ങള്‍, വിജ്ഞാന പ്രദമായ പൊതുപ്രഭാഷണങ്ങള്‍, പഠന സെഷനുകള്‍, വിജ്ഞാന പരീക്ഷകള്‍ തുടങ്ങിയവ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും സമൂഹത്തിന്റെ വിവിധ മേഖലകളിലുമുള്ളവരും പ്രയോജനപ്പെടുത്തുന്നു. യു.എ.ഇ.ലുടനീളം സജീവമായ വനിതാവിംഗിന് കീഴിലും വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ദുബൈ ദാര്‍ അല്‍ബിര്‍റ് സൊസൈറ്റിയുമായി സഹകരിച്ചുകൊണ്ട് 1500 ലേറെ പേര്‍ക്ക് ദിനേന ഒരുക്കുന്ന ഇഫ്താര്‍ ഉള്‍പ്പെടെ ധാരാളം റമദാന്‍കാല പ്രവര്‍ത്തനങ്ങളും നടന്നുവരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ (ചെയര്‍മാന്‍, അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍, റീജെന്‍സി ഗ്രൂപ്പ്),വി.കെ. സകരിയ്യ (മാനേജിങ് ഡയറക്ടര്‍, അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍ ),3) അബ്ദുസ്സലാം മോങ്ങം (ഡയരക്ടര്‍, അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍),റാഷിദ് ബിന്‍ അസ്‌ലം (ഡയരക്ടര്‍, അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍),ഹുസൈന്‍ കക്കാട് (പ്രസിഡണ്ട്, ഖിസൈസ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍),അബ്ദുന്നസീര്‍ പി.എ. (മീഡിയ കണ്‍വീനര്‍, യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍),അക്ബര്‍ ഷാ (വര്‍ക്കിംഗ് ചെയര്‍മാന്‍, ഈദ് ഗാഹ് കമ്മിറ്റി,ഷെയ്ഖ് അയാസ് ഹൗസി (ഖതീബ്, അല്‍ മനാര്‍ മസ്ജിദ്) ,ഹാഫിസ് നഈമുള്ളാഹ് സനാബുലി (ഖതീബ്, മുഹൈസിന മസ്ജിദ്)എന്നിവർ പങ്കെടുത്തു