ദുബായ് വൻ തോതിൽ ലഹരിമരുന്ന് വിൽക്കാനുള്ള ശ്രമം ദുബായ് പൊലീസ് ‘സ്റ്റെപ് ബൈ സ്റ്റെപ്’ ഒാപ്പറേഷനിലൂടെ തകർത്തു. മൂന്നംഗ രാജ്യാന്തര സംഘത്തെ അറസ്റ്റ് ചെയ്തു. രാജ്യത്തിനകത്ത് 33 കിലോഗ്രാം പരൽരൂപത്തിലുള്ള മെതഡിൻ ആണ് സംഘം വിൽപനയ്ക്ക് ശ്രമിച്ചതെന്ന് ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്.ജനറൽ അബ്ദുല്ല ഖലീഫ അൽ മെറി പറഞ്ഞു. ലഹരിമരുന്ന് വിൽക്കുന്നതായി രഹസ്യ വിവരം ലഭിച്ചതനുസരിച്ച് ഷാർജ പൊലീസിന്റെ സഹകരണത്തോടെയായിരുന്നു പ്രതികളെ ദുബായ് പൊലീസ് വലയിലാക്കിയത്.
വൻ തോതിൽ ലഹരിമരുന്ന് യുഎഇയിലേയ്ക്ക് കടത്തിയതായി ദുബായ് പൊലീസിന് രഹസ്യ വിവരം ലഭിച്ചതനുസരിച്ച് ആസൂത്രിത നീക്കം നടത്തുകയായിരുന്നു. ‘സ്റ്റെപ് ബൈ സ്റ്റെപ്’ ഒാപ്പറേഷൻ എന്ന പേരിൽ നടത്തിയ അന്വേഷണം ഫലപ്രാപ്തിയിലെത്തി. ദുബായിലെ ഒരു വെയർഹൗസിലായിരുന്നു ലഹരിമരുന്ന് ഒളിപ്പിച്ചുവച്ചിരുന്നത് തുടർന്ന് വെയർഹൗസ് കണ്ടെത്തി. രണ്ടു പ്രതികളെ ദിവസങ്ങളോളം പൊലീസ് നിരീക്ഷിച്ചുവരികയുമായിരുന്നുവെന്ന് ദുബായ് പൊലീസ് ആന്റി നാർകോർടിക് വിഭാഗം ഡയറക്ടർ ബ്രി.ഇൗദ് മുഹമ്മദ് താനി ഹാരിബ് പറഞ്ഞു.
പിന്നീട് പ്രതികൾ ലഹരിമരുന്ന് വെയർഹൗസിൽ നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റാനുള്ള ശ്രമം ആരംഭിച്ചു. രണ്ട് ചേർന്ന് 22 കിലോ മെത് പൊടി ഷാർജ വ്യവസായ മേഖലയിലേയ്ക്ക് മാറ്റി. ഇതിനിടെയാണ് ഷാർജ പൊലീസിന്റെ സഹകരണത്തോട പ്രതികളെ പിടികൂടിയതെന്ന് ബ്രി.ഹാരിബ് വ്യക്തമാക്കി.