ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വമ്പൻ ആദായ വിൽപനയുമായി 4 ദിവസം നീളുന്ന സൂപ്പർ സെയിലിന് ദുബായിൽ ഇന്നു തുടക്കം. 500ലേറെ ബ്രാൻഡുകൾക്ക് 90% വരെ വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന സൂപ്പർ സെയിൽ ഡിസംബർ 2 വരെ തുടരും. ഉൽപന്നങ്ങൾ ആകർഷക വിലയിൽ സ്വന്തമാക്കാനുള്ള അപൂർവ അവസരമാണിതെന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ് അറിയിച്ചു. ഫാഷൻ ഉൽപന്നങ്ങൾ, പാദരക്ഷകൾ, സൗന്ദര്യ വർധക വസ്തുക്കൾ, വിനോദ ഉപകരണങ്ങൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ തുടങ്ങിയവയെല്ലാം ആദായ വിൽപനയിൽ ഉൾപ്പെടും. അൽഖവാനീജ് വോക്ക്, ബർജുമാൻ, ദെയ്റ, ഷിൻദഗ, മെഅസിം, മിർദിഫ് എന്നിവിടങ്ങളിലെ സിറ്റി സെന്റർ, സർക്കിൾ മാൾ, സിറ്റ് വോക്ക്, ദുബായ് ഫെസ്റ്റിവൽ സിറ്റി, ഇബ്ൻ ബത്തൂത്ത മാൾ, മാൾ ഓഫ് ദ് എമിറേറ്റ്സ്, മെർക്കാറ്റൊ, നഖീ മാൾ, ഒയാസിസ് സെന്റർ, ദ് ബീച്ച് ജെബിആർ, ദി ഔട്‌ലറ്റ് വില്ലേജ്, വാഫി സെന്റർ തുടങ്ങി ദുബായിലെ 3000ത്തിലേറെ ഔട്‌ലറ്റുകളിൽ ആദായവിൽപന ലഭിക്കും.