ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ (ഡി.എസ്.എഫ്.) ഇരുപത്തേഴാമത് സീസണ് ഇന്ന് തുടക്കം. ഉദ്ഘാടനത്തിന്റെ ഭാഗമായി 15-ന് ഇമറാത്തി ഗായിക ബൾക്കീസ് ഫാതി, ഈജിപ്ഷ്യൻ കലാകാരൻ മുഹമ്മദ് ഹമാക്കി എന്നിവർ പങ്കെടുക്കുന്ന തത്സമയ സംഗീതനിശയുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് ബുർജ് ഖലീഫ ലൈറ്റ് ഷോ, നൃത്തംചെയ്യുന്ന ഫൗണ്ടനുകൾ എന്നിവ സൃഷ്ടിക്കുന്ന പ്രത്യേക പ്രദർശനവും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആദ്യ ആഴ്ചയിൽ മാൾ ഓഫ് എമിറേറ്റ്‌സിലെ തിയേറ്ററിൽ സ്‌നോ വൈറ്റ് ആൻഡ് ദി സെവൻ ഡ്വാർഫ്‌സ്, ദുബായ് ഓപ്പറയിൽ ഓപ്പറ അൽ വാസിൽ, ജോസഫ് തവഡ്രോസ് എന്നിവരുടെ തത്സമയ പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്മെന്റ് സംഘടിപ്പിക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഷോപ്പിങ്ങിനൊപ്പം വിനോദത്തിന്റെയും കലാപ്രകടനങ്ങളുടെയും ഉല്ലാസവിരുന്നൊരുക്കും. ആഘോഷങ്ങളുടെ ഭാഗമായി 27 മുതൽ ദിനംതോറും പ്രത്യേക വിസ്മയ പരിപാടികൾ ഉൾപ്പെടുത്തുമെന്ന് സംഘാടകർ അറിയിച്ചു.
ജുമൈറ ബീച്ച് റെസിഡൻസിലെ ബ്ലൂ വാട്ടേഴ്‌സിൽ രണ്ടാമത് ഡി.എസ്.എഫ്. ഡ്രോൺ ലൈറ്റ് ഷോയും ഉണ്ടാകും. ദിവസവും വൈകീട്ട് 7.15 മുതൽ രാത്രി 9.30 വരെയാണ് ഈ ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത്.
ഇത്തവണ എക്സ്‌പോ 2020 ദുബായ്ക്കൊപ്പമാണ് ഷോപ്പിങ് ഫെസ്റ്റിവൽ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.