ദുബായ് സഫാരിയിൽ ഇനി രാത്രികാഴ്ച്ചകളും ആസ്വദിക്കാം. ദുബായ് സഫാരിയിൽ ഡിസംബർ 13 മുതൽ നൈറ്റ് സഫാരി ആരംഭിക്കും. ജനുവരി 12 വരെ നൈറ്റ് സഫാരി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. മൃഗങ്ങളിലും പക്ഷികളിലും രാത്രിസമയങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ അടുത്തറിയാനും മനസിലാക്കാനും നൈറ്റ് സഫാരി പ്രയോജനപ്പെടും.90 ൽ അധികം ജീവജാലങ്ങളുടെ രാത്രികാല ദിനചര്യകൾ കാണാൻ സന്ദർശകർക്ക് അവസരം ലഭിക്കും. അതേസമയം, രാത്രിയിൽ സജീവമാകുന്ന മൃഗങ്ങളെ മാത്രമേ നൈറ്റ് സഫാരിയുടെ ഭാഗമാക്കൂവെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.വൈകുന്നേരം ആറു മണി മുതൽ എട്ട് മണി വരെയായിരിക്കും നൈറ്റ് സഫാരിയുടെ സമയം. dubaisafari.ae എന്ന സൈറ്റിലൂടെ ടിക്കറ്റെടുക്കാം. 78 ഇനം സസ്തനികൾ, 50 ഇനം ഉരഗങ്ങൾ, 111 ഇനം പക്ഷികൾ ഉൾപ്പെടെ 3,000ലേറെ ഇനങ്ങളാണ് സഫാരി പാർക്കിലുള്ളത്. സസ്യഭുക്ക്, മാംസഭുക്ക്, പക്ഷികൾ, ഉരഗങ്ങൾ, ആൾക്കുരങ്ങ്, സസ്തനികൾ എന്നീ വിഭാഗങ്ങളിൽ വംശനാശഭീഷണി നേരിടുന്നവയും ഈ സഫാരി പാർക്കിലുണ്ട്. അറേബ്യൻ, ഏഷ്യൻ, ആഫ്രിക്കൻ, സഫാരി വില്ലേജുകളിലായി തിരിച്ചാണ് പാർക്ക് സജ്ജമാക്കിയിരിക്കുന്നത്.