ദുബായ്: ദുബായിൽ ഡ്രൈവറില്ലാ ടാക്സികൾ സർവീസ് തുടങ്ങുന്നതിന്‍റെ ഭാഗമായി ബൈദുവിന്‍റെ ഓട്ടോണമസ് യാത്രാ സേവന വിഭാഗമായ അപ്പോളോ ദുബായിൽ ഉടൻ പരീക്ഷണ ഘട്ടമാരംഭിക്കും. 2026ൽ ഡ്രൈവറില്ലാ ടാക്സികൾ ഔദ്യോഗികമായി സർവീസ് തുടങ്ങും. ഓട്ടോണമസ് ടാക്സികൾ വൻ തോതിൽ പുറത്തിറക്കാനുള്ള ധാരണാപത്രത്തിൽ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി ഒപ്പുവച്ചു.
ധാരണാപത്രത്തിലെ വ്യവസ്ഥയനുസരിച്ച് ഓട്ടോണമസ് മൊബിലിറ്റി സേവനങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ആർ ടി 6ന്‍റെ ഏറ്റവും പുതിയ തലമുറയായ ‘അപ്പോളോ ഗോ’ ടാക്സികളാണ് വിന്യസിക്കുന്നത്. ഓട്ടോമേഷന്‍റെയും സുരക്ഷയുടെയും ഉയർന്ന നിലവാരം ഉറപ്പാക്കാൻ ഈ വാഹനങ്ങൾക്ക് 40 സെൻസറുകളും ഡിറ്റക്ടറുകളും ഉണ്ടാകും. വരും മാസങ്ങളിൽ 50 വാഹനങ്ങളുമായി ഡാറ്റ ശേഖരണവും പരീക്ഷണ യാത്രയും തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഓട്ടോണമസ് ടാക്സികളുടെ എണ്ണം 1,000 ആയി വർദ്ധിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.ചൈനയ്ക്കും ഹോങ്കോങ്ങിനും പുറത്ത് അപ്പോളോ ഗോയുടെ ആദ്യ അന്താരാഷ്ട്ര ഓപ്പറേഷനായിരിക്കും ഇത്. കമ്പനി ഇന്നു വരെ 150 ദശലക്ഷം കിലോമീറ്ററിലധികം സുരക്ഷിത ഡ്രൈവിംഗ് നടത്തിയിട്ടുണ്ട്. 10 ദശലക്ഷത്തിലധികം ഓട്ടോണമസ് യാത്രകളും പൂർത്തിയാക്കി. ലോകത്തിലെ ഏറ്റവും വലിയ ഓട്ടോണമസ് വാഹന വ്യൂഹങ്ങളുടെ ഓപറേറ്ററായി ഇന്ന് ഈ സ്ഥാപനം വളർന്നു കഴിഞ്ഞു. ഔദ്യോഗിക തുടക്കം 2026ൽ.
2030ഓടെ യാത്രകളുടെ 25% ഓട്ടോണമസ് വാഹനങ്ങൾ വഴി 2026ൽ ഡ്രൈവറില്ലാ ടാക്സികൾ ഔദ്യോഗികമായി സർവീസ് തുടങ്ങുമെന്ന് ആർ.ടി.എ എക്സിക്യൂട്ടിവ് ചെയർമാനും ഡയറക്ടർ ജനറലുമായ മത്താർ അൽ തായർ പറഞ്ഞു. 2030ഓടെ ദുബായിലെ യാത്രകളുടെ 25 ശതമാനം ഓട്ടോണമസ് (സ്വയം ഡ്രൈവ് ചെയ്യുന്നത്) ആക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.ഊബർ ടെക്നോളജീസുമായും വീ റൈഡുമായും സഹകരിച്ച് ഈ മാസം ആദ്യം ആർ.ടി.എ ഊബർ പ്ലാറ്റ്‌ഫോം വഴി ദുബായിൽ ഓട്ടോണമസ് വാഹനങ്ങൾ പുറത്തിറക്കിയിരുന്നു. റൈഡ് ഹെയ്‌ലിംഗ് ആപ്പായ ഊബറും ചൈനയുടെ ഓട്ടോണമസ് വെഹിക്കിൾ ടെക്നോളജി സ്ഥാപനമായ വീ റൈഡും കഴിഞ്ഞ വർഷം അബൂദബിയിൽ ഒരു വാണിജ്യ ഡ്രൈവറില്ലാ ടാക്സി സേവനം ആരംഭിച്ചിരുന്നു.