ദുബായ്: ദുബായ് ആർ.ടി.എ.യുടെ നൂതന വൈദ്യുത ബസുകൾ പരീക്ഷണയോട്ടമാരംഭിച്ചു. രണ്ട് വോൾവോ വൈദ്യുത ബസുകളാണ് ലാ മെർ സൗത്ത്, കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റ്, അൽ സുഫോഹ് താം സ്റ്റേഷൻ എന്നിവിടങ്ങളിലൂടെ പ്രാരംഭഘട്ടത്തിൽ സർവീസുകൾ നടത്തുന്നത്.ദുബായ് ജല വൈദ്യുത വകുപ്പ്, വോൾവോ ബസ് കമ്പനി, മെറാസ്, എ.ബി.ബി. ഗ്രൂപ്പ് എന്നിവയുമായി ചേർന്നാണ് ആർ.ടി. എ. പദ്ധതി നടപ്പാക്കുന്നത്. 38 സാധാരണ സീറ്റുകളും മടക്കിവെക്കാവുന്ന മൂന്ന് സീറ്റുകളും നിശ്ചയദാർഢ്യക്കാർക്കായി പ്രത്യേക സീറ്റുകളും ബസിലുണ്ട്. മുഴുവൻ സമയം എ.സി. പ്രവർത്തിപ്പിച്ചാൽപോലും ഒറ്റത്തവണ ചാർജുചെയ്താൽ 200 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ തക്കശേഷിയുള്ള ബാറ്ററിയും എൻജിനുമാണ് ബസിനുള്ളത്. പരീക്ഷണയോട്ടത്തിൽ ബാറ്ററി ചാർജ് ചെയ്യുന്ന രീതിയടക്കം ബസിനെ അടുത്തറിയാൻ ഡ്രൈവർമാർക്ക് അവസരമൊരുക്കും.യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഹരിതസമ്പദ് വ്യവസ്ഥ ആശയത്തിൽ നടപ്പാക്കുന്ന സുസ്ഥിരതയിലൂന്നിയ വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണിതെന്ന് ആർ.ടി.എ. ചെയർമാൻ മതാർ മുഹമ്മദ് അൽ തയർ പറഞ്ഞു.