ദുബായ്: ദുബായ് മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ വഴി നോൽ കാർഡുകൾ ടോപ് -അപ്പ് ചെയ്യുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക മാർച്ച് 1 മുതൽ 20 ദിർഹമായി ഉയരുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.നിലവിൽ ടിക്കറ്റ് വെൻഡിംഗ് മെഷീനുകളിൽ കുറഞ്ഞത് 5 ദിർഹത്തിന് നോൽ കാർഡുകൾ ടോപ്-അപ്പ് ചെയ്യാൻ സാധിക്കും. 2024 ൽ, മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് ഓഫീസുകളിലെ ഏറ്റവും കുറഞ്ഞ ടോപ്പ്-അപ്പ് നിരക്ക് 20 ദിർഹത്തിൽ നിന്ന് 50 ദിർഹമായി വർദ്ധിപ്പിച്ചിരുന്നു. നോൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യണമെങ്കിൽബാലൻസ് മിനിമം 7.5 ദിർഹം ഉണ്ടായിരിക്കണം.മെട്രോ യാത്രക്കാർക്ക് സിൽവർ, ഗോൾഡ്, പേഴ്സണൽ കാർഡുകൾ, റെഡ് ടിക്കറ്റ് പാസ്. എന്നിങ്ങനെ നാല് തരം നോൽ കാർഡുകൾ ലഭ്യമാണ്.കഴിഞ്ഞ ഡിസംബറിൽ, ദുബായിൽ അംഗീകൃത ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്ന താമസക്കാർക്ക് നോൽ കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു.ഗതാഗത സേവനങ്ങൾക്ക് പുറമേ, തിരഞ്ഞെടുത്ത സൂപ്പർമാർക്കറ്റുകളിൽ സാധനങ്ങൾ വാങ്ങാനും ചില റെസ്റ്റോറന്റുകളിൽ ഭക്ഷണത്തിന് പണം നൽകാനും നോൽ കാർഡ് ഉപയോഗിക്കാം.