ദുബായ് : ജൂലൈ 1 മുതൽ ചാർജ് ഈടാക്കുന്ന ഷോപ്പിംഗ് ബാഗുകളുടെ തരങ്ങളുടെ വിശദവിവരങ്ങളുമായി ദുബായ് മുനിസിപ്പാലിറ്റി. നേരത്തെ പ്രഖ്യാപിച്ചതുപോലെ, ദുബായിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ജൂലൈ 1മുതൽ 25 ഫിൽസ് ഈടാക്കും. രണ്ട് വർഷത്തിനുള്ളിൽ ഈ ബാഗുകൾ പൂർണമായും നിരോധിക്കുക എന്ന ലക്ഷ്യത്തിനായാണ് പുതിയ മാർഗനിർദേശങ്ങൾ.
ഉയർന്നു വരുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ കണക്കിലെടുത്ത് മറ്റ് പല തരത്തിലുള്ള ഷോപ്പിംഗ് ബാഗുകൾക്കും ഇതേ തുക ഈടാക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. പ്ലാസ്റ്റിക്, പേപ്പർ, ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക്, ഓക്‌സോ-പ്ലാസ്റ്റിക്, പ്ലാന്റ് ബേസ്ഡ് ബയോഡിഗ്രഡബിൾ മെറ്റീരിയലുകൾ എന്നിവകൊണ്ട് നിർമ്മിച്ച ബാഗുകൾ ഉൾപ്പെടെ 57 മൈക്രോമീറ്ററിൽ താഴെ കട്ടിയുള്ള ഏത് ബാഗിനും 25 ഫിൽസ് ഈടാക്കുന്നതാണ്.
57 മൈക്രോമീറ്ററിൽ കൂടുതൽ കട്ടിയുള്ള ഏത് ബാഗിനെയും താരിഫിൽ നിന്ന് ഒഴിവാക്കും.
“ചരക്കുകൾ കൊണ്ടുപോകുന്നതിന്’ [അവ പാക്കേജിംഗ് അല്ല] ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാഗുകൾ മാത്രമാണ് നയത്തിൽ ഉൾപ്പെടുന്നത്,” എന്ന് പ്രത്യേകമായി മുനിസിപ്പാലിറ്റി വ്യക്തമാക്കി.
ചരക്കുകൾ നൽകുന്നതിന് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്ന റീട്ടെയിൽ ഷോപ്പ്, റെസ്റ്റോറന്റ്,ഫാർമസികൾ,ഇ_കൊമേഴ്സ് സർവീസ്, ഡെലിവറി സർവീസ് മുതലായവർക്കും ഇത് ബാധകമായിരിക്കും.