ദുബൈ: ഈ വർഷത്തെ കെ.എം.സി.സി സാഹിത്യ അവാർഡ് പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ പി സുരേന്ദ്രന് സമ്മാനിക്കും. കഥകൃത്ത്, നോവലിസ്റ്റ്, അധ്യാപകൻ, നിരൂപകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന സുരേന്ദ്രന്, ഗ്രാമപാതകൾ-ഇന്ത്യൻ യാത്രകളുടെ പുസ്തകം, ജലഗന്ധി എന്നീ കൃതികൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. ചൈനീസ് മാർക്കറ്റ് എന്ന കൃതിക്ക് മുപ്പത്തിമൂന്നാമത് ഓടക്കുഴൽ അവാർഡ്,കേളി അവാർഡ് എന്നിവയും കേരള ലളിത കല അക്കാദമി അവാർഡ് (രാമ ചന്ദ്രന്റെ കഥ) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവാർഡ് (ബർമുഡ) പത്മരാജൻ പുരസ്കാരം (ഗൗതമ വിഷാദ യോഗം ) സമഗ്ര സംഭാവനകൾക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ അവാർഡ്, ശാന്തകുമാരൻ തമ്പി ഫൌണ്ടേഷൻ അവാർഡ് തുടങ്ങി ഒട്ടേറെ അവാർഡുകൾ നേടിയിട്ടുണ്ട്. കുമാരനെല്ലൂർ ഗവ ഹയർ സെക്കന്ററി അധ്യാപകനായിരുന്നു. മഞ്ചേരി പാപ്പിനിപ്പാറ കുമാരൻ നായർ സരോജിനി അമ്മ ദമ്പതികളുടെ മകനാണ്. മലപ്പുറം ജില്ലയിലെ വട്ടംകുളത്ത് “പ്രാർത്ഥന”യിൽ താമസം. ഭാര്യ സുജാത. മക്കൾ: ജയദേവൻ, നിഖില ചന്ദ്രൻ.
ഡോ: എം.കെ മുനീർ എംഎൽഎ, മധ്യമപ്രവർത്തക്കാരായ ടി.പി ചെറൂപ്പ, ജലീൽ പട്ടാമ്പി എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് സുരേന്ദ്രനെ അവാർഡിന് തെരഞെടുത്തത്.ഇത് രണ്ടാമത് അവാർഡ് ആണ്. ആദ്യ അവാർഡ് നേടിയത് പ്രസ്ഥ സാഹിത്യകാരൻ കെ.പി രാമനുണ്ണി ആണ്. പിരിയൻ ഗോവണി, ഭൂമിയുടെ നിലവിളി, കറുത്ത പ്രാർത്ഥനകൾ, ബർമുഡ, അഭയാർഥികളുടെ പൂന്തോട്ടം, ആഴത്തിന്റെ നിറം, ജല ഗാന്ധി, 64 ചെറിയ കഥകൾ , രാജ നീതി, ചൈനീസ് മാർക്കറ്റ്, ബുദ്ധ വസ്ത്രം, തിരഞ്ഞെടുത്ത കഥകൾ, ഉടഞ്ഞ ബുദ്ധൻ (കഥാ സമാഹാരങ്ങൾ). മഹായാനം, സാമൂഹ്യപാഠം, മായാ പുരാണം, കാവേരിയുടെ പുരുഷൻ, ജൈവം (നോവലുകൾ). രാമചന്ദ്രന്റെ കല (കല വിമർശനം), കഥയിലൊതുങ്ങാത്ത നേരുകൾ,(അനുഭവ കഥനം). മതം ആത്മീയത, വിമോചനം, 1921 പോരാളികൾ വരച്ച ദേശ ഭൂപടങ്ങൾ (ലേഖന സമാഹാരം)നക്സൽ ബാരിയിലെ ശേഷിപ്പുകളിലൂടെ, ദേവദാസിത്തെരുവുകളിലൂടെ, മരുഭൂമിയിലെ തേനറകൾ (യാത്ര വിവരണം), രാസലീല (വിവർത്തനം)എന്നിവ പ്രധാന കൃതികൾ.
ജൂലൈ 12 നു അൽ നാസർ ലെയ്സർ ലാൻഡിൽ നടക്കുന്ന ദുബായ് കെ.എം.സി.സി ഇഷ്ക്കേ ഇമാറാത്ത് ഈദ് ഇവന്റിൽ അവാർഡ് സമ്മാനിക്കുമെന്നു സംഘാടക സമിതി ചെയർമാൻ ഇബ്രാഹിം എളേറ്റിൽ ജനറൽ കൺവീനർ മുസ്തഫ തിരൂർ, സർഗധാര ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂർ ജനറൽ കൺവീനർ നജീബ് തച്ചംപൊയിൽ എന്നിവർ അറിയിച്ചു.