ദുബായ് ആദ്യമായി മിസ് യൂണിവേഴ്സ് യുഎഇക്ക് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നു. 18 നും 28 നും ഇടയിൽ പ്രായമുള്ള യുഎഇയിൽ താമസിക്കുന്ന ഏതു രാജ്യക്കാരായ വനിതകൾക്കും പങ്കെടുക്കാം. ദ് മിസ് യൂണിവേഴ്സ് ഓർഗനൈസേഷനും യുഗൻ ഇവന്റുകളും സംയുക്തമായാണു പരിപാടി സംഘടിപ്പിക്കുക. യുഎഇയുടെ ചരിത്രത്തിലിടം പിടിക്കുന്ന സംഭവം നവംബർ 7ന് ദുബായിലെ അൽ ഹബ്തൂർ സിറ്റിയിലെ ലാ പെർലെയിലാണു നടക്കുക. നീന്തൽ വസ്ത്രമുപയോഗിച്ചുള്ള മത്സരത്തിന് പകരം പ്രശസ്ത ഫിലിപ്പിനോ ഡിസൈനർ ഫർൺ വൺ നയിക്കുന്ന ഫാഷൻ റൗണ്ടാണ് ഉണ്ടാകുകയെന്നു യൂജെൻ ഇവന്റ്സ് പ്രസിഡന്റും നാഷനൽ ഡയറക്ടറുമായ ജോഷ് യുഗൻ പറഞ്ഞു.
ഡിസംബറിൽ ഇസ്രായേലിൽ നടക്കുന്ന ആഗോള മിസ് യൂണിവേഴ്സ് മത്സരത്തിൽ യുഎഇയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ജേതാവ് ആദ്യമായി രാജ്യത്തെ പ്രതിനിധീകരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ വനിതകളും ഓൺലൈനിൽ റജിസ്റ്റർ ചെയ്യണം. തിരഞ്ഞെടുക്കപ്പെടുന്ന 30 പേരെ ഇൗ മാസം 15 ന് അൽ ഹബ്തൂർ പാലസ് ഹോട്ടലിൽ വ്യക്തിഗത കാസ്റ്റിങ് കോളിനായി ക്ഷണിക്കും, കൂടാതെ റൺവേ ചലഞ്ച്, കൊമേഴ്സ്യൽ ഷൂട്ട് തുടങ്ങിയ റൗണ്ടുകളുമുണ്ടായിരിക്കും. റജിസ്ട്രേഷന്:
മിസ് യൂണിവേഴ്സ് ലോകത്തിലെ ഏറ്റവും വലിയ വാർഷിക സൗന്ദര്യ മത്സരമാണ്. ഏതാണ്ട് 500 ദശലക്ഷം ആരാധകരുള്ള പരിപാടിയുടെ 2020 പതിപ്പ് ഈ വർഷം മേയിൽ യുഎസിലെ ഫ്ലോറിഡയിലാണ് നടന്നത്. മെക്സിക്കോയിലെ ആൻഡ്രിയ മേസയാണ് നിലവിലെ കിരീടാവകാശി. 69 -ാമത് പതിപ്പിൽ 74 രാജ്യങ്ങളിൽ നിന്നുള്ളവർ മാത്രമാണു പങ്കെടുത്തത്