ദുബായ്: യോട്ട് ജീവനക്കാർക്ക് ആറ് മാസത്തെ മൾട്ടിപ്പിൾ എൻട്രി വിസ നൽകുമെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അറിയിച്ചു.ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.പുതിയ മൾട്ടിപ്പിൾ എൻട്രി വിസയുടെ കാലാവധി ആറ് മാസമായിരിക്കുമെന്ന് ജിഡിആർഎഫ്എ വ്യക്തമാക്കി.ദുബായ് ഹാർബറിൽ ആരംഭിച്ച ബോട്ട് ഷോയിൽ യോട്ട് മേഖലക്കും സമുദ്ര ഗതാഗത മേഖലയിൽ ജോലി ചെയ്യുന്നവർക്കുമായി നിരവധി പ്രത്യേക സേവനങ്ങൾ ജി ഡി ആർ എഫ് എ പ്രദർശിപ്പിക്കുന്നുണ്ട്. മൊബൈൽ മറീന, വർക്ക് ബണ്ടിൽ, പ്ലാറ്റ്‌ഫോം 04, ദുബായ് റെസിഡൻസി കമ്മ്യൂണിറ്റി നെറ്റ്‌വർക്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു.കഴിഞ്ഞ വർഷം ഡിസംബറിൽ, അബുദാബിയിലെ സൂപ്പർയോട്ട് ഉടമകൾക്ക് ഗോൾഡൻ വിസ നൽകുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഉയർന്ന ആസ്തിയുള്ള വ്യക്തികളെ അബുദാബിയിലേക്ക് ആകർഷിക്കുന്നതിനായാണ് ഗോൾഡൻ വിസ പദ്ധതി രൂപകൽപ്പന ചെയ്തത്.