ദുബായ്: പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ ദുബായ് ഇമിഗ്രേഷൻ വിഭാഗം ആദരിച്ചു. “ഇന്നലെകളുടെ പൈതൃകത്തിൽ നിന്ന്, നാളെയുടെ നായകന്മാർ” എന്ന തലക്കെട്ടിൽ ദുബായ് എമിഗ്രേഷന്റെ ആസ്ഥാന മന്ദിരത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് വിദ്യാർത്ഥികളെ ആദരിച്ചത്. സാമൂഹിക വർഷത്തിന്റെയും യു.എ.ഇ വിദ്യാഭ്യാസ ദിനത്തിന്റെയും ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെ പഠന രംഗത്തെ മികച്ച പ്രകടനത്തെ അംഗീകരിക്കുകയും മെച്ചപ്പെട്ട അക്കാദമിക നേട്ടങ്ങൾക്കായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ ഡയറക്ടർ ജനറൽ ഹിസ് എക്‌സലൻസി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. അദ്ദേഹത്തോടൊപ്പം വകുപ്പിലെ നിരവധി അസിസ്റ്റന്റ് ഡയറക്ടർമാരും ആദരിക്കപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
വിദ്യാഭ്യാസത്തിൽ നിക്ഷേപിക്കുന്നത് രാജ്യത്തിന്റെ ഭാവിയിൽ നിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അഭിപ്രായപ്പെട്ടു. മികച്ച വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതും അംഗീകരിക്കുന്നതും മികവിന്റെയും നേതൃത്വത്തിന്റെയും സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും നേതൃത്വം നൽകുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനുള്ള ഡയറക്ടറേറ്റിന്റെ പ്രതിബദ്ധതയും ലഫ്. ജനറൽ അൽ മർറി ചടങ്ങിൽ വിശദീകരിച്ചു.വിദ്യാർത്ഥികളുടെ നേട്ടങ്ങളിൽ അഭിമാനം പ്രകടിപ്പിച്ചുകൊണ്ട്, ഈ ഉദ്യമം അവരുടെ കഠിനാധ്വാനത്തെയും പ്രതിബദ്ധതയെയും അംഗീകരിക്കുന്നുവെന്ന് ബ്രിഗേഡിയർ ജനറൽ അബ്ദുൽ സമദ് ഹുസൈൻ അൽ ബലൂഷി പറഞ്ഞു. വിദ്യാഭ്യാസത്തിൽ നൂതന ആവിഷ്‌കാരങ്ങളും മികവും രാജ്യങ്ങൾ പണിയുന്ന അടിത്തറയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അതിലൂടെ, ഡയറക്ടറേറ്റ് അഭിലാഷമുള്ള യുവ പ്രതിഭകളെ പിന്തുണയ്ക്കുന്നത് തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.ആദരിക്കപ്പെട്ട വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും ഈ അംഗീകാരത്തിന് നന്ദി പ്രകടിപ്പിച്ചു.അക്കാദമികമായും പ്രൊഫഷണലായും മികവ് തുടരാൻ ഇത്തരം പദ്ധതികൾ വലിയ പ്രോത്സാഹനമാണെന്ന് അവർ അഭിപ്രായപ്പെട്ടു.