ദുബൈയില്‍ വര്‍ക്ക് പെര്‍മിറ്റും റസിഡന്‍സി വിസയും ലഭിക്കാന്‍ ഇനി വെറും അഞ്ച് ദിവസം മതി. നേരത്തെ അപേക്ഷ നല്‍കി 30 ദിവസത്തിനകമായിരുന്നു ഈ സേവനങ്ങള്‍ ലഭിച്ചിരുന്നത്. വര്‍ക്ക് ബണ്ടില്‍ എന്ന പുതിയ പ്ലാറ്റ്‌ഫോം വഴിയാണ് ഹൈസ്പീഡ് സേവനങ്ങള്‍ ദുബൈയില്‍ ലഭിക്കുന്നത്. ഇത് മാത്രമല്ല വിസയ്ക്കും വര്‍ക്ക് പെര്‍മിറ്റിനും വേണ്ടി ഹാജരാക്കേണ്ടിയിരുന്ന 16 ഡോക്യുമെന്റിസ് പകരം ഇനി 5 ഡോക്യുമെന്റസ് മാത്രം കൊടുത്താല്‍ മതി. സര്‍വ്വീസ് കേന്ദ്രങ്ങള്‍കയറിയിറങ്ങുന്ന സമയവും ലാഭിക്കാനാകും.
താമസവിസകള്‍ക്കും വര്‍ക്ക് പെര്‍മ്മിറ്റുകള്‍ക്കുമുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കാന്‍ വര്‍ക്ക് ബണ്ടില്‍ പ്ലാറ്റ്‌ഫോമിലൂടെ കഴിയുമെന്ന് യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വ്യക്തമാക്കി. പുതിയ പ്ലാറ്റ്‌ഫോം വഴി 65 മില്യണ്‍ വര്‍ക്കിംഗ് അവേഴ്‌സസും 25 മില്യണ്‍ സര്‍ക്കാര്‍ നടപടികളും 12 മില്യണ്‍ ഓഫീസ് സന്ദര്‍ശനങ്ങളും കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തുന്നത്.
ആദ്യ ഘട്ടത്തില്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍ ദുബായ് എന്ന പ്ലാറ്റ്‌ഫോമിലൂടെയാണ് വര്‍ക്ക് ബണ്ടില്‍ നല്‍കുക. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുകയാണ് ഇതുവഴി ദുബായ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്. പിന്നീട് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി, ദുബൈ ഹെല്‍ത്ത് അതോറിറ്റി, ദുബൈ, ടൂറിസം വകുപ്പ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായുള്ള എല്ലാ നടപടിക്രമങ്ങളും വര്‍ക്ക് ബണ്ടില്‍ ബന്ധിപ്പിക്കും.