ദുബായ് : 2022 ഫെബ്രുവരിയിൽ, ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നഗരത്തിൽ ഒരു സുസ്ഥിര റീഫില്ലബിൾ വാട്ടർ ബോട്ടിൽ സംരംഭമായ “ദുബായ് ക്യാൻ” ആരംഭം കുറിച്ചു. ദുബായിലെ പല സ്ഥലങ്ങളിലും ഇതിനായുള്ള സ്റ്റേഷനുകൾ ഒരുക്കി. റീഫിൽ ചെയ്യാവുന്ന കുപ്പികൾ ഉപയോഗിക്കാൻ താമസക്കാരെയും വിനോദസഞ്ചാരികളെയും പ്രോത്സാഹിപ്പിക്കുക അതിലൂടെ പ്ലാസ്റ്റിക് ഡിസ്പോസിബിൾ വാട്ടർ ബോട്ടിലുകൾ ഉപേക്ഷിക്കുക എന്നിവയായിരുന്നു സംരംഭത്തിന്റെ ലക്ഷ്യം.
ഈ സംരംഭം തുടക്കം കുറിച്ച് 100 ദിവസങ്ങളിൽ നിന്നും മികച്ച ഫലമാണ് കൈവരിച്ചിരിക്കുന്നത്. ലോക സമുദ്ര ദിനത്തിൽ (ജൂൺ 8) ആണ് ഈ സന്തോഷം ഷെയ്ഖ് ഹംദാൻ അറിയിച്ചു.
ദുബായ് മീഡിയ ഓഫീസ് പറയുന്നതനുസരിച്ച്, ‘ദുബായ് കാൻ സംരംഭത്തിലൂടെ 538,737 ലിറ്റർ വെള്ളമാണ് വാട്ടർ ഫൗണ്ടനുകളിൽ നിന്ന് റെസിഡൻസും വിസിറ്റേഴ്സും ഉപയോഗപ്പെടുത്തിയത്.ഇത് ഏകദേശം 500 മില്ലി ലിറ്ററിന്റെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന 1,077,474 ഓളം പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകളുടെ ഉപയോഗത്തിനെയാണ് കുറവ് വരുത്തിയത്.
നിലവിൽ ദുബായ് നഗരമാകെ 40 റീഫില്ലിംഗ് സ്റ്റേഷനുകളുണ്ട്. ജനപ്രിയ സ്ഥലങ്ങളിലും പൊതു പാർക്കുകളിലുമായാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. 2022 ഡിസംബറോടെ 50 ഓളം സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങുകയാണ് സംരംഭത്തിലൂടെ ദുബായ്.