വിദേശ ബാങ്കുകളുടെ നികുതി സംബന്ധിച്ച് സുപ്രധാന തീരുമാനമാണ് ദുബൈ കൈക്കൊണ്ടത്. എമിറേറ്റിലെ വിദേശബാങ്കുകള്‍ക്ക് 20 ശതമാനം വാര്‍ഷിക നികുതിയാണ് ഏര്‍പ്പെടുത്തിയത്. സ്‌പെഷ്യല്‍ ഡെവലപ്‌മെന്റ് സോണുകളിലും ഫ്രീസോണുകളിലും തീരുമാനം ബാധകമാണ്. എന്നാല്‍ ദുബൈ ഫിനാന്‍ഷ്യല്‍ സെന്ററിലെ ബാങ്കുകളെ ടാക്‌സില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കോര്‍പ്പറേറ്റ് നികുതി നിയമപ്രകാരം വിദേശ ബാങ്ക് നികുതി അടയ്ക്കുകയാണെങ്കില്‍ വാര്‍ഷിക നികുതിയില്‍നിന്ന് കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. നികുതി നല്‍കേണ്ട വരുമാനം കണക്കാക്കുന്നതിനുള്ള നിയമങ്ങള്‍, നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും നികുതി അടയ്ക്കുന്നതിനുമുള്ള നിയന്ത്രണങ്ങള്‍, നികുതി റിട്ടേണ്‍ ഓഡിറ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍, അടക്കമുള്ളവ പുതിയ നിയമത്തിന്റെ പരിധിയില്‍ വരും.
പുതിയ നിയമം പാലിക്കാത്ത ബാങ്കുകളില്‍നിന്ന് പിഴയും ഈടാക്കും, പിഴത്തുക 5 ലക്ഷം ദിര്‍ഹത്തില്‍ കൂടാന്‍ പാടില്ലെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. അതേസമയം പിഴ തുക സംബന്ധിച്ച് എതിര്‍പ്പുകളുണ്ടെങ്കില്‍ ദുബൈ സാമ്പത്തിക വകുപ്പിനെ സമീപിക്കാം.