ദുബൈ: ദുബൈ പൊലിസിലെ എയർപോർട്ട് പൊതുസുരക്ഷാ വകുപ്പ് 2024ൽ 26 ദശലക്ഷം ദിർഹം വിലമതിക്കുന്ന നഷ്ടപ്പെട്ട വസ്തുക്കൾ ഉടമകൾക്ക് തിരികെ നൽകി. ലോസ്റ്റ് & ഫൗണ്ട് സംവിധാനം ഉപയോഗിച്ച് നഷ്ടപ്പെട്ട മുഴുവൻ ഇനങ്ങളുടെയും റിപ്പോർട്ടുകൾ വേഗത്തിലും കൃത്യമായും കൈകാര്യം ചെയ്ത ടീമുകളുടെ കഠിനാധ്വാനം മൂലമാണ് ഈ മികവുണ്ടാക്കാൻ സാധിച്ചത്. കൂടാതെ, എയർപോർട്ട് സെക്യൂരിറ്റി ടീമുകൾ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നവരുമായി ആശയ വിനിമയം നടത്തുകയും അവരുടെ വസ്തുക്കൾ തിരികെ നൽകുന്നത് ഉറപ്പാക്കുകയും ചെയ്തു. സുരക്ഷിതവും സന്തുഷ്ടവുമായ ഒരു നഗരം വളർത്തിയെടുക്കാനുള്ള ദുബൈ പൊലിസിന്റെ തന്ത്രപരമായ നിർദേശങ്ങൾക്ക് പിന്തുണയായി ഇത് വർത്തിച്ചു.