അബുദാബിയിൽ ഡ്രൈവിങ് പരിശീലനം പരിസ്ഥിതി സൗഹൃദമാക്കാൻ അബുദാബിയിൽ ഗ്രീൻ ഡ്രൈവിങ് പദ്ധതിക്കു തുടക്കം കുറിച്ചു. പരിശീലനത്തിനു കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുത്തി കാർബൺ മലിനീകരണം തടയുകയാണ് ലക്ഷ്യം. യുഎഇയുടെ നെറ്റ് സീറോ പദ്ധതിക്കു ആക്കംകൂട്ടാനാണ് ഗ്രീൻ ഡ്രൈവിങ് പദ്ധതി തുടങ്ങിയതെന്ന് അബുദാബി പൊലീസ് അറിയിച്ചു. ഹരിത പരിശീലനത്തോടൊപ്പം മാലിന്യ മുക്ത അന്തരീക്ഷം ഉറപ്പാക്കേണ്ടതിന്റെ അനിവാര്യതയും ഡ്രൈവർമാരെ ബോധ്യപ്പെടുത്തും. വരും കാലങ്ങളിൽ തരംഗമാകുന്ന ഇലക്ട്രിക് വാഹനങ്ങൾഓടിക്കുന്നതിന് മതിയായ ഡ്രൈവർ മാരെ ഗ്രീൻ ഡ്രൈവിങ്പദ്ധതിയിലൂടെവാർത്തെടുക്കുകയാണ് ലക്ഷ്യം.അബുദാബി പൊലീസിലെ ഡയറക്‌ടറേറ്റ് ഓഫ് ഡ്രൈവേഴ്‌സ് ആൻഡ് വെഹിക്കിൾസ് ലൈസൻസിങ്, എമിറേറ്റ്‌സ് ഡ്രൈവിങ് കമ്പനി, നെതർലൻഡ്‌സിലെ സെന്റർ ഫോർ ആക്‌സിഡന്റ് പ്രിവൻഷൻ എന്നിവയുടെ സംയുക്ത സഹകരണ ത്തോടെയാണ് ലോകോത്തര പരിശീലനം നൽകുന്നത്. നിലവിൽ പരീക്ഷണാർഥം ഏതാനും ഡ്രൈവറില്ലാ ഇലക്ട്രിക് ടാക്സികൾ അബുദാബി റോഡുകളിലും യാസ് ഐലൻഡിലും സർവീസ് നടത്തുന്നു.
മസ്ദാർ സിറ്റിയിലും ഓട്ടോണമസ് വാഹനങ്ങൾ കാണാം. 2022 അവസാനത്തോടെ ഇലക്ട്രിക് ബസുകളും നിരത്തിലിറങ്ങും. ഇതോടെ എല്ലാ മേഖലയിലും ഇലക്ട്രിക് വാഹനങ്ങൾ സജീവമാക്കി പരിസ്ഥിതി സൗഹൃദ എമിറേറ്റാവുകയാണ് അബുദാബിയുടെ ലക്ഷ്യം.