പോസിറ്റീവായിരിക്കൂ, എന്നാല്‍ എല്ലാവരുടെയും ടെസ്റ്റ് നെഗറ്റീവായിരിക്കട്ടെ!
ഒടുവില്‍, 2020ല്‍ നിന്ന് വിടപറയുമ്പോള്‍ ആശ്വാസത്തിന്റെ ഒരു നെടുവീര്‍പ്പ്
നമുക്കിടയിലുണ്ട്. ഏതായാലും കടന്നുപോയത് നമ്മുടെ ജീവിതത്തിലെ ഏറ്റവും
അനിശ്ചിതത്വം നിറഞ്ഞതും നിര്‍ഭാഗ്യകരവുമായ വര്‍ഷം തന്നെയാണെന്ന്്
നിസംശയം പറയാം.
വിനാശകാരിയായ വൈറസ് ലോകമെമ്പാടും നാശം സൃഷ്ടിച്ചുവെങ്കിലും,
ദുരന്തത്തില്‍ നിന്ന് മനുഷ്യരാശിയെ രക്ഷിച്ചെടുക്കാനുളള ദൗത്യത്തിനിടെ,
അനുകമ്പയുടെയും, ധീരതയുടെയും ശ്രദ്ധേയമായ നിരവധി മുഹൂര്‍ത്തങ്ങള്‍ക്ക്
നമ്മള്‍ സാക്ഷ്യം വഹിച്ചു. പകര്‍ച്ചവ്യാധിയുമായി നേര്‍ക്കുനേര്‍ പോരാടുമ്പോള്‍,
വ്യക്തിപരമായ എല്ലാ അപകടസാധ്യതകളും മാറ്റിവെച്ച്, മുന്‍നിര
സൈനികരായി ആരോഗ്യപ്രവര്‍ത്തകര്‍ രോഗികളെ പരിചരിക്കുന്നത് ഞങ്ങള്‍
കണ്ടു. ഈ യുദ്ധത്തിലെ യഥാര്‍ത്ഥ നായകരായ അവരെ നമുക്ക് അഭിവാദ്യം
ചെയ്യാം.
കോവിഡ് 19 വാക്‌സിന്റെ വരവ് 2021ന് വലിയ പ്രതീക്ഷ നല്‍കുന്നു.
വൈറസിനെതിരെ അതിവേഗത്തില്‍ ഒരു വാക്്‌സിനെന്നത് ഒരു വര്‍ഷം മുമ്പ്
ചിന്തിക്കാന്‍ കഴിയുന്നതായിരുന്നില്ല, എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ
വാക്‌സിന്‍ വികസിപ്പിച്ചെടുത്തത് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരുടെ
ശ്രദ്ധേയമായ വിജയമാണ്. ഇത് സാധ്യമാക്കിയ എല്ലാവര്‍ക്കും ആശംസകള്‍
നേരുന്നു. ഇരുട്ടിനൊടുവില്‍ വെളിച്ചം കാണിച്ച് 2021ന്റെ പുതിയ പുലരിയെ
പ്രകാശിപ്പിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു.
കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞതും, വാക്‌സിന്റെ വരവും
കണക്കിലെടുത്താലും, വൈറസിനെതിരെയുളള ജാഗ്രതയുടെ കാര്യത്തില്‍ നാം
ഒട്ടും കുറവുവരത്താന്‍ പാടില്ല. നമ്മെയും നമ്മുടെ ഉറ്റവരെയും
സുരക്ഷിതരാക്കുന്നതിലൂടെ നാം നമ്മുടെ കടമ നിറവേറ്റണം. അപകടകാരിയായ
വൈറസിനെതിരെയുളള നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട കവചം മാസ്‌ക്
ധരിക്കുകയെന്നതാണ്. അത് കൂടുതല്‍ കൃത്യതയോടെ നമുക്ക് തുടരാം.
സാമൂഹിക അകലം പാലിക്കുക എന്നത് നമ്മുടെ സമൂഹത്തിന് ഒട്ടും
അനുഗുണമായതല്ല എന്ന് ഞാന്‍ കരുതിയിരുന്നു, എന്നാല്‍ വാസ്തവത്തില്‍ ഈ
ഘട്ടത്തില്‍ നമ്മള്‍ ചെയ്യേണ്ടത് ശാരീരിക അകലം പാലിക്കല്‍ തന്നെയാണ്.
സൗജന്യമായി ലഭ്യമായ എല്ലാവര്‍ക്കും പ്രാപ്യമായ വിര്‍ച്വല്‍ കണക്റ്റിവിറ്റി
പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് നമുക്ക് പ്രായോഗികമായിത്തന്നെ അകലങ്ങള്‍
കുറയ്ക്കാനും കൂടുതല്‍ സാമൂഹികവല്‍ക്കരിക്കാനും സാധിക്കും. ഈ
സാഹചര്യത്തില്‍ നമ്മുടെ വ്യക്തിപരവും, കുടുംബപരവും, ഔദ്യോഗികവുമായ
ജീവിതത്തില്‍ പ്രിയപ്പെട്ടവരുമായും അടുത്തവരുമായും ശാരീരികമായ അകലം
പാലിച്ചുകൊണ്ട് അവരുമായി വെര്‍ച്വലായി അടുത്തുനില്‍ക്കാന്‍ നമുക്ക്
ശ്രമിക്കാം.
അതെ പോസിറ്റീവായിരിക്കൂ, എന്നാല്‍ എല്ലാവരുടെയും ടെസ്റ്റ്
നെഗറ്റീവായിരിക്കട്ടെ!
എല്ലാവര്‍ക്കും, ആരോഗ്യകരവും സന്തോഷകരവും സമൃദ്ധവുമായ ഒരു 2021
നേരുന്നു.