യുഎഇ: എക്സ്പോ വിസയിൽ യു.എ.ഇ.യിൽ എത്തിയ പ്രതിനിധികൾക്ക് ഇനി എളുപ്പത്തിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കും. ഇത്തരക്കാർക്ക് ലൈസൻസ് കിട്ടാനുള്ള നടപടികൾ കൂടുതൽ ലളിതമാക്കി. ഇതിനായി എക്സ്പോയിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) ഓഫീസ് തുറന്നിട്ടുണ്ട്. സ്വദേശത്ത് ലൈസൻസുള്ളവർക്ക് പരിശീലനത്തിലടക്കം ഇളവുലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.ലൈസൻസ് കിട്ടാനുള്ള അന്തിമ ടെസ്റ്റിൽ ഇവർക്ക് നേരിട്ടു പങ്കെടുക്കാം. ഡ്രൈവിങ് ലൈസൻസ് വിഭാഗം മേധാവി അബ്ദുല്ല അൽ അലിയാണ് ഇക്കാര്യം അറിയിച്ചത്. വിജയിച്ചാൽ അന്നുതന്നെ ലൈസൻസ് ലഭിക്കും. നയതന്ത്രവിഭാഗം ജീവനക്കാർക്ക് ഡ്രൈവിങ് പരിശീലന സമയം 20 മണിക്കൂറിൽനിന്ന് 10 മണിക്കൂർ ആക്കിയിട്ടുണ്ട്. അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കകം പരിശീലനം പൂർത്തിയാക്കാനാകും.
സൗദി, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഖത്തർ, യു.കെ, കാനഡ എന്നിവയടക്കം 34 രാജ്യങ്ങളിൽനിന്നുള്ള ഡ്രൈവിങ് ലൈസൻസുള്ളവർക്ക് യു.എ.ഇ. ലൈസൻസ് ആവശ്യമില്ല. ഈ രാജ്യങ്ങളിൽനിന്ന് സന്ദർശക വിസയിലെത്തിയവർ യു.എ.ഇ. ലൈസൻസിന് അപേക്ഷിക്കേണ്ട കാര്യമില്ല.
താമസവിസയാണെങ്കിൽ ലൈസൻസ് വേണമെന്നും അധികൃതർ വ്യക്തമാക്കി.