അബൂദബി: പ്രവാസികള്‍ അവരുടെ നാട്ടില്‍നിന്ന് നേടിയ എല്ലാ ബിരുദവും ഇനി യുഎഇയില്‍ അംഗീകാരം ലഭിക്കണമെന്നില്ല. വിദേശ സര്‍വകലാശാല ബിരുദങ്ങളുടെ അംഗീകാരം സംബന്ധിച്ച് (UAE Foreign University Degrees Policy) യുഎഇ പുതിയ നയം പുറത്തിറക്കി. യുഎഇ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം ആണ് ഭേദഗതികള്‍ പ്രഖ്യാപിച്ചത്.പുതിയ ചട്ടങ്ങള്‍ പ്രകാരം വിദൂര പഠനം, ഓപ്പണ്‍ സംവിധാനം, ഓണ്‍ലൈന്‍ വിദ്യാഭ്യാസം, കറസ്‌പോണ്ടന്‍സ് കോഴ്‌സ് (distance learning, open education, online education, and correspondence education) എന്നിവയിലൂടെ നേടിയ ബിരുദങ്ങള്‍ ഇതുസംബന്ധിച്ച പ്രത്യേക മന്ത്രിതല സമിതി നിശ്ചയിച്ച നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ മാത്രമെ അംഗീകരിക്കൂ. തൊഴിലധിഷ്ഠിത സര്‍ട്ടിഫിക്കറ്റുകള്‍ (vocational certificates), ട്രെയിനിങ് പ്രോഗ്രാമുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് വിധത്തിലുള്ള പ്രത്യേക പ്രോഗ്രാമുകള്‍ വഴി നേടിയ ബിരുദങ്ങള്‍ അംഗീകരിക്കപ്പെടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ഡിഗ്രി വെരിഫിക്കേഷന്‍
അംഗീകാര പ്രക്രിയ കാര്യക്ഷമമാക്കുന്നതിനായി ബിരുദ പരിശോധനയ്ക്കും തുല്യതാ സര്‍ട്ടിഫിക്കേഷനുമായി ഡാറ്റാഫ്‌ലോ, ക്വാഡ്രാബേ (Dataflow and QuadraBay) എന്നീ രണ്ട് ബാഹ്യ ഏജന്‍സികളെ മന്ത്രാലയം നിയമിച്ചു. യുഎഇയുടെ വിദ്യാഭ്യാസ അധികാരികള്‍ അംഗീകരിച്ച ഈ ഏജന്‍സികള്‍, ഔദ്യോഗിക അംഗീകാര പ്രക്രിയയ്ക്ക് വിധേയമാകുന്നതിന് മുമ്പ് യോഗ്യതകള്‍ പരിശോധിക്കും.