സമ്മേളന കാലയളവിലെ പ്രാദേശിക വിഭാഗീയതയിൽ സിപിഎം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തി. വിഭാഗീയതയുടെ ഭാഗമായി പ്രശ്നങ്ങൾ ഉണ്ടാക്കിയവർക്കെതിരെ പാർട്ടി കോൺഗ്രസിനു ശേഷം കടുത്ത നടപടി സ്വീകരിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. സമ്മേളന കാലയളവിൽ നടപടിയെടുത്ത് വിഷയങ്ങൾ വഷളാക്കണ്ടെന്ന അഭിപ്രായം പാർട്ടി നേതൃത്വത്തിൽ ഉണ്ട്.കൊല്ലം കരുനാഗപ്പള്ളിയിലും, പത്തനംതിട്ട തിരുവല്ലയിലും, പാലക്കാട് കൊഴിഞ്ഞാമ്പാറയിലും, ആലപ്പുഴ അമ്പലപ്പുഴയിലും ഉണ്ടായ തർക്കങ്ങൾ സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വം ചെറുതായിട്ടല്ല കാണുന്നത്. പ്രാദേശിക വിഭാഗീയതയുടെ സ്വഭാവം അതിൽ ഉണ്ടെന്ന് പാർട്ടി സംസ്ഥാന നേതൃത്വം കണക്കുകൂട്ടുന്നുണ്ട്. സമ്മേളനങ്ങൾ നടത്താതിരിക്കാൻ കഴിയുന്ന തരത്തിലേക്ക് വിഭാഗീയത രൂക്ഷമായത് സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.എന്നാൽ അച്ചടക്ക നടപടിയിലേക്ക് ഇപ്പോൾ പാർട്ടി നേതൃത്വം കടക്കില്ല. നിലവിൽ ഏരിയാ സമ്മേളനങ്ങൾ പൂർത്തീകരിച്ച്, ജില്ലാ സമ്മേളനവും, സംസ്ഥാന സമ്മേളനവും, പാർട്ടി കോൺഗ്രസും നടക്കട്ടെ എന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. അതിനു പിന്നാലെ നടപടിയുടെ പരമ്പര തന്നെ ഉണ്ടാവും.കരുനാഗപ്പള്ളിയിൽ വിഭാഗീയതയ്ക്ക് നേതൃത്വം നൽകിയ സംസ്ഥാന, ജില്ലാ നേതാക്കൾക്കെതിരെ കർശന നടപടിയെടുക്കാനാണ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്. തിരുവല്ലയിൽ തോമസ് ഐസക്കിന്റെ തോൽവിക്ക് കാരണമായ ആൾക്കാർക്കെതിരെയും, പീഡനക്കേസ് പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ച ഏരിയ നേതാക്കൾക്കെതിരെയും നടപടി ഉണ്ടാകും. അമ്പലപ്പുഴയിൽ ഉണ്ടായ പാർട്ടി വിഭാഗീയത ജില്ലാ നേതൃത്വം വിശദമായി പരിശോധിക്കണമെന്ന നിർദേശം സംസ്ഥാന നേതൃത്വം നൽകിയിട്ടുണ്ട്. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ഉള്ള വിഷയവും സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിൽ ഉണ്ടെങ്കിലും ജില്ലാ നേതൃത്വത്തിന്റെ നിലപാട് കൂടി ഇക്കാര്യത്തിൽ അറിഞ്ഞശേഷം ആയിരിക്കും നടപടികളുടെ കാര്യത്തിൽ തീരുമാനമെടുക്കുക.