ക്രോണിക് ഒബ്സ്ട്രക്ടിവ് പള്‍മനറി ഡിസീസ് (സി.ഒ.പി.ഡി), ശ്വസനനാളികള്‍ ചുരുങ്ങി വായുസഞ്ചാരം തടസ്സപ്പെടുത്തുന്നതും ഗുരുതരമായാല്‍ മരണകാരണമാകുന്നതുമായ രോഗാവസ്ഥ. ഈ അസുഖം ബാധിച്ചവർക്ക് ദീര്‍ഘകാല അസ്വസ്ഥതകൾ നേരിടേണ്ടിവരും. ഇത് വിട്ടുമാറാതെ തുടരുന്നതിനാല്‍ കൃത്യമായ ചികിത്സയും നിരന്തര പരിചരണവും അത്യാവശ്യമാണ്.രോഗബാധിതരില്‍ ക്രമേണ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത വലിയ തോതില്‍ കുറഞ്ഞുവരുന്നതിനാല്‍ മരണകാരണമാകുന്ന രോഗങ്ങളില്‍ മുന്‍നിരയിലാണ് സി.ഒ.പി.ഡി. സാധാരണ 50 വയസ്സിന് മുകളിലുള്ള പുകവലിക്കാരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.
പാസിവ് സ്മോക്കിങ്ങും അപകടം
പുകവലിക്കുന്നതുമൂലം ശ്വസനനാളികളില്‍ നീര്‍ക്കെട്ട് രൂപപ്പെടുന്നതിനാല്‍ ശ്വസനനാളി ചുരുങ്ങുന്നതിനും വേണ്ടത്ര ഓക്സിജന്‍ ശരീരത്തിലെത്താതിരിക്കുന്നതിനും കാരണമാകുന്നു. മറ്റുള്ളവര്‍ പുകവലിക്കുമ്പോള്‍ പുക ശ്വാസകോശത്തിലെത്തുന്നതും (പാസിവ് സ്മോക്കിങ്) ഈ രോഗത്തിന് കാരണമാകും. എന്നാല്‍, പുകവലി കൂടാതെ മറ്റു പലതരത്തില്‍ പുക ശ്വസിക്കുന്നതും സി.ഒ.പി.ഡി ബാധിക്കുന്നതിന് വഴിവെക്കാറുണ്ട്.
വിറകുപോലുള്ളവ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുക ശ്വസിക്കുന്നത്, ഫാക്ടറികളില്‍നിന്നുള്ള പുക, വാഹനങ്ങളില്‍നിന്നുള്ള പുക തുടങ്ങിയവ പതിവായി ശ്വസിക്കുന്നത് സി.ഒ.പി.ഡി ബാധിക്കാന്‍ കാരണമാകും. ചിലരില്‍ ആസ്ത്മ നിയന്ത്രണവിധേയമാകാത്തതും ക്രോണിക് ഒബ്സ്ട്രക്ടിവ് പള്‍മനറി ഡിസീസ് ആയി രൂപപ്പെടാറുണ്ട്. സ്ത്രീകളില്‍ കൂടുതലും വിറകടുപ്പ് ഉപയോഗിക്കുന്നത് വഴിയാണ് രോഗം ബാധിക്കുന്നത്.
ശ്രദ്ധവേണം
പ്രാരംഭഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ വലിയ തോതില്‍ പ്രകടമാകില്ലെന്നതാണ് സി.ഒ.പി.ഡി ഗുരുതരമാകുന്നതിനു കാരണമാകുന്നത്. ക്രമേണ രോഗാവസ്ഥ ഗുരുതരമാകുന്നതോടെ ശ്വാസതടസ്സം, കിതപ്പ്, ശ്വാസകോശ അണുബാധ, കഫക്കെട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടാറുണ്ട്.
കൂടാതെ കാലുകളില്‍ നീര്, ശരീരം ക്ഷീണിക്കുക തുടങ്ങിയ പ്രയാസങ്ങള്‍ അനുഭവപ്പെടും. ശ്വസനനാളി ചുരുങ്ങുന്നത് കൃത്യമായ ശ്വസനം നടക്കുന്നതിനു തടസ്സമാവുക വഴി ശരീരത്തില്‍ ആവശ്യമായ ഓക്സിജന്‍ ലഭ്യതയില്ലാതിരിക്കുകയും കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് വർധിക്കുകയും ചെയ്യുന്നതിനാലാണിത്.