യേശു ക്രിസ്തുവിന്‍റെ തിരുപ്പിറവിയുടെ ഓർമ പുതുക്കി ലോകമെന്പാടുമുള്ള വിശ്വാസികൾ ക്രിസ്മസ് ആഘോഷിക്കുകയാണ്. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ കവാടം തുറന്ന് ഫ്രാൻസിസ് മാർപാപ്പ ക്രിസ്മസ് സന്ദേശം നൽകി. യുദ്ധവും അക്രമവും കാരണം തകർക്കപ്പെട്ട എല്ലാ സ്ഥലങ്ങളിലും പ്രത്യാശ പകരാൻ ക്രിസ്മസിനാകട്ടേയെന്ന് ഫ്രാൻസിസ് മാർപാപ്പ ആശംസിച്ചു. സംസ്ഥാനവും വിപുലമായ ക്രിസ്മസ് ആഘോഷങ്ങള്‍.ക്രിസ്മസിനെ വരവേറ്റ് സംസ്ഥാനത്തെ ദേവാലയങ്ങളിൽ തിരുപ്പിറവി ശ്രുശ്രൂഷകൾ നടന്നു . പാലക്കാട് പുൽക്കൂട് തകർത്തതിനേയും വയനാട് പുനരധിവാസം വൈകുന്നതിനേയും ലത്തീന് അതിരൂപതാ ആർച്ച് ബിഷപ്പ് ഡോക്ടർ തോമസ് ജെ.നെറ്റോ വിമർശിച്ചു. വന നിയ മഭേദഗതിക്കെതിരായ നിലപാട് താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ആവർത്തിച്ചു.തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിൽ കുർബാനക്ക് മലങ്കര കാത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കാര്‍മികത്വം വഹിച്ചു. പിഎംജിയിലെ ലൂര്‍ദ് ഫൊറോന പള്ളിയിൽ നടന്ന കുർബാനക്ക് കര്‍ദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടിൽ കാര്‍മികത്വം വഹിച്ചു. പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റൊ പാതിരാ കുർബാനയ്ക്ക് നേതൃത്വം നൽകി. കൊച്ചി വരാപ്പുഴ അതിരൂപതയിൽ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിന്റെ മുഖ്യകാർമ്മികത്വത്തിലുള്ള ക്രിസ്മസ് പാതിരാ കുർബാന നടന്നു.