ദുബായ്: ദുബൈ എക്‌സ്‌പോ 2020ല്‍ ഇന്ത്യന്‍ പവലിയനില്‍) സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 25 ദിവസത്തിനിടെ 128,000ത്തിലേറെ പേര്‍ ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചതായി കേന്ദ്ര വാണിജ്യ -വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയനില്‍ മൂന്ന് ആഴ്ചക്കിടെ ഒരു ലക്ഷം സന്ദര്‍ശകരെത്തിയതായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വ്യക്തമാക്കി. എക്‌സ്‌പോയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ച പവലിയനുകളില്‍ ഒന്നാണ് ഇന്ത്യന്‍ പവലിയനെന്ന് കോണ്‍സുലേറ്റ് ജനറല്‍ കൂട്ടിച്ചേര്‍ത്തു.എക്‌സ്‌പോ സംഘാടകര്‍ തിങ്കളാഴ്ച പുറത്തുവിട്ട കണക്ക് അനുസരിച്ച് എക്‌സ്‌പോയില്‍ 24 ദിവസം പിന്നിടുമ്പോള്‍ ഏകദേശം 15 ലക്ഷത്തോളം സന്ദര്‍ശകരാണെത്തിയത്. എക്‌സ്പോ തുടങ്ങി 24 ദിവസത്തില്‍ ആകെ 1,471,314 സന്ദര്‍ശകര്‍ എത്തിയതായി എക്‌സ്‌പോ 2020 ദുബൈ കമ്മ്യൂണിക്കേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് സ്‌കൊനൈഡ് മക്ഗീച്ചന്‍ പറഞ്ഞു. നബിദിനം ഉള്‍പ്പെടെ തുടര്‍ച്ചയായ മൂന്ന് അവധി ദിവസങ്ങള്‍ ലഭിച്ചത് സന്ദര്‍ശകരുടെ എണ്ണം കുത്തനെ ഉയരുന്നതിന് കാരണമായി. രാജ്യത്തെ മെച്ചപ്പെട്ട കാലാവസ്ഥാ മാറ്റവും ആളുകള്‍ എക്‌സ്‌പോ വേദിയിലേക്ക് എത്തിയതിന് പിന്നിലെ കാരണമായി എക്‌സ്‌പോ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഈസ അല്‍ അന്‍സാരി വിലയിരുത്തുന്നു. എല്ലാ തിങ്കളാഴ്ചയുമാണ് എക്‌സ്‌പോ സന്ദര്‍ശകരുടെ കണക്ക് പുറത്തുവിടുന്നത്. പവലിയന്‍ തിരിച്ചുള്ള കണക്കുകള്‍ അതത് പവലിയനുകളാണ് പ്രഖ്യാപിക്കുന്നത്.