ഭൂമിയിലെ എല്ലാ ജീവനും നില നിർത്തുക..അവരും ഭൂമിയുടെ അവകാശികളാണ്….
“ഒരു താങ്ങുമില്ലാതെ കോടാനുകോടി ഗോളങ്ങളെ നിലനിർത്തിയിരിക്കുന്ന ദൈവം തമ്പുരാൻ ഭൂമിയിൽ ജീവികൾക്കായ് എന്തെല്ലാം സൃഷ്ടിച്ചിരിക്കുന്നു! ഭൂമിയിലെ ഉൽപ്പന്നങ്ങളുടെയെല്ലാം അവകാശികളാണ് ജന്തുക്കളും മൃഗങ്ങളും പക്ഷികളും കൃമികീടങ്ങളും മറ്റും.ഈ പരമാർത്ഥം എപ്പോഴും ഓർക്കുന്നത് നല്ലതാണെന്നു തോന്നുന്നില്ലേ?”
നമ്മുടെ സ്വന്തം ബേപ്പൂർ സുൽത്താന്റെ”ഭൂമിയിലെ അവകാശികൾ”എന്ന കഥയിലെ ഏതാനും ഭാഗങ്ങളാനിത്.ഈ ഒരു ദിനത്തിൽ വളരെ അർത്ഥപൂർണമാകുന്ന വാക്കുകളാണ് ഇത്.
ഇന്ന് ഒക്ടോബർ 4 ലോക മൃഗക്ഷേമ ദിനം..
ഭൂമിയിൽ മനുഷ്യൻ ജീവിക്കാൻ തുടങ്ങിയ കാലം മുതൽ തന്നെ തുടങ്ങിയതാണ് തന്റെ സഹജീവികളുടെ ജീവിതത്തിലേക്കുളള കൈകടത്തലുകൾ.തന്റെ ബുദ്ധി വികാസത്തോടൊപ്പം തന്നെ ആക്രമണ ചിന്തകളും വികസിപ്പിച്ചുകൊണ്ടിരുന്നു.അവന്റെ കൈകടത്തലുകൾ കൊണ്ട് ഭൂമിയിൽ ചില ജീവികൾ വെറും ചിത്രങ്ങളിൽ മാത്രം ബാക്കിയാവുകയാണ്.നാളുതോറും ഓരോ ജീവിവർഗങ്ങളും വംശനാശം നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഇതിനിടയിലും സഹജീവി സ്നേഹം നിലനിർത്തിപോവുന്ന ചില മനുഷ്യർ അവരുടെ സംരക്ഷണത്തിനായി ചില സംഘടനയൊക്കെ ഉണ്ടാക്കി ഈ ദിനത്തിൽ പല കാര്യങ്ങളും ജനങ്ങളെ ബോധവൽക്കരണത്തിനായി 1929മുതൽ നടത്തി വരാറുളളതാണ്. ഓരോ വർഷവും നല്ല നല്ല ആശയങ്ങളും ഇതിൽ ഉൾപ്പെടുത്താറുണ്ട്. ഈ വർഷത്തെ മനോഹരമായ ആശയമാണ് “ഭൂമിയിൽ എല്ലാ ജീവനും നില നിർത്തുക”എന്നത്….
ഈ ഒരു ദിനത്തിൽ മനസ്സിനെ വല്ലാതെ ആകർഷിച്ച രണ്ടു ചിത്രങ്ങൾ ഓർത്തുപോകുകയാണ് ആദ്യത്തേത് ഒരു നാട് മുഴുവൻ കത്തിയെരിയുമ്ബോഴും തന്റെ കയ്യിൽ കിട്ടിയ കൊയലക്കുഞ്ഞുങ്ങളെ വെളളം കൊടുത്ത് ജീവിതത്തിലേക്ക് മടക്കികൊണ്ടുവരുന്ന ചില നൻമ മനുഷ്യർ…
എന്നാൽ രണ്ടാമത്തെ ചിത്രം താനറിയാതെ കഴിച്ച പഴത്തിൽ നന്റെ വയറ്റിൽ കിടക്കുന്ന പുതുജീവനെവരെ കൊല്ലാൻ ശേഷിയുള്ള പടക്കമാണെന്നറിയാതെ നിസ്സഹായനായിനിൽക്കുന്ന ആനയുടെ ചിത്രം…
മനുഷ്യമനസ്സിന്റെ രണ്ടു തലങ്ങൾ വിളിച്ച് പറയുന്ന ചിത്രങ്ങൾ… ഒന്നവന്റെ നന്മ എത്രമാത്രമാണെന്നും മറ്റേത് തിന്മയുടെ അങ്ങേയറ്റം എന്താണെന്നും കാട്ടി തരുന്നു…
ഒന്ന് നോക്കിയാൽ ആരും ഒരുതരി പോലും സുരക്ഷിതമല്ലാത്ത ഈ കാലയളവിൽ ഒരു ജീവനും ഒരു പ്രാണനും നമ്മുടെ ഇടപെടലുകൾ കൊണ്ട് ഒന്നും സംഭവിക്കില്ല എന്ന് നമ്മൾ ഓരോരുത്തരും ഉറപ്പ് വരുത്തേണ്ടതാണ്….