ബലാത്സംഗക്കേസിൽ നടൻ ബാബുരാജിന് മുൻകൂർ ജാമ്യം. യുവതിയെ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന കേസിലാണ് ബാബുരാജിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയത്. അടിമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ബാബുരാജ് അന്വേഷണത്തോട് കൃത്യമായി സഹകരിക്കണമെന്നും പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി പറഞ്ഞു. പരാതി നൽകാൻ ഉണ്ടായ കാലതാമസം പരിഗണിച്ചാണ് നടപടിയെന്നും കോടതി കൂട്ടിച്ചേർത്തു.
ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റാണ് രംഗത്ത് വന്നത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ആലുവയിലെ വീട്ടിലേക്ക് വിളിച്ചുവെന്നും ഇവിടെ വെച്ച് പീഡിപ്പിച്ചുവെന്നുമാണ് ആരോപണം. മലയാളത്തിൽ എല്ലാ നടൻമാരോടും നല്ല ബന്ധമുള്ള ബാബുരാജ് വിചാരിച്ചാൽ സിനിമയിൽ അവസരം ലഭിക്കുമെന്നാണ് കരുതിയിരുന്നത്. ആലുവയിലെ വീട്ടിലെത്തിയാൽ തിരക്കഥാത്ത് ടക്കമുള്ളവരുമായി സംസാരിച്ച് മെച്ചപ്പെട്ട റോൾ തരാമെന്ന് പറഞ്ഞാണ് വിളിച്ചത്. താൻ എത്തുമ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. തന്നോട് ഒരു മുറിയിൽ വിശ്രമിക്കാൻ പറഞ്ഞ് അദ്ദേഹം പോയി. പിന്നീട് വന്ന് വാതിൽ ലോക്ക് ചെയ്ത് പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. ബാബുരാജ് മോശമായി സംസാരിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പല പെൺകുട്ടികൾക്കും ഇയാളിൽനിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ട്. പലരും കുടുംബജീവിതം നയിക്കുന്നവരായതിനാൽ പരസ്യമായി പറയാൻ ബുദ്ധിമുട്ടുണ്ടെന്നും ജൂനിയർ ആർട്ടിസ്റ്റ് പറഞ്ഞു