കണ്ണൂര്‍: ശസ്ത്രക്രിയവഴി മാറ്റിവെച്ച ഹൃദയവാല്‍വ് പ്രവര്‍ത്തന രഹിതമായ രോഗിയില്‍ ഹൃദയം തുറന്നുള്ള സങ്കീര്‍ണ്ണമായ സര്‍ജറി ഒഴിവാക്കി പഴയ വാല്‍വ് നീക്കം ചെയ്യാതെ തന്നെ അതിനുള്ളില്‍ പുതിയ വാല്‍വ് ഘടിപ്പിച്ചു. വാല്‍വ് ഇന്‍ വാല്‍വ് ട്രാന്‍സ് കത്തീറ്റര്‍ അയോട്ടിക് വാല്‍വ് ഇംപ്ലാന്റേഷന്‍ എന്ന് പറയുന്ന ഈ പുതിയ ചികിത്സാ രീതി ഉത്തരമലബാറില്‍ ആദ്യമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലാണ് വിജയകരമായി പൂര്‍ത്തീകരിച്ചത്.
ഡോക്ടര്‍മാരായ ഉമേശന്‍ സി വി, പ്ലാസിഡ് സെബാസ്റ്റ്യന്‍ കെ, അനില്‍കുമാര്‍ എം. കെ, വിനു. എ, പ്രസാദ് സുരേന്ദ്രന്‍, ഗണേഷ് എന്നിവരടങ്ങുന്ന കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ഹൃദ്രോഗവിഭാഗം ടീമാണ് ഈ ചികിത്സ ഫലപ്രദമായി നിര്‍വ്വഹിച്ചത്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശസ്ത്രക്രിയ വഴി മാറ്റിവെച്ച അയോട്ടിക് വാല്‍വ് പ്രവര്‍ത്തന രഹിതമായ എഴുപത്തി ഒന്‍പത് വയസ്സുകാരനിലാണ് ഈ ചികിത്സ നിര്‍വ്വഹിച്ചത്. മൂന്നാം ദിവസം തന്നെ ഡിസ്ചാര്‍ജ്ജ് ചെയ്ത രോഗി വളരെ പെട്ടെന്ന് തന്നെ രോഗവിമുക്തി നേടുകയും ചെയ്തു.
കാലിലെ ചെറിയ ധമനിയിലൂടെ പ്രത്യേകം സജ്ജീകരിച്ച ഹൃദയവാല്‍വ് തകരാറിലായ പഴയവാല്‍വിനുള്ളില്‍ ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയെ അപേക്ഷിച്ച് അപകടരഹിതവും സങ്കീര്‍ണ്ണതകള്‍ കുറഞ്ഞതുമാണ് ഈ രിതി. നേരത്തെ ഹൃദയവാല്‍വ് മാറ്റിവെച്ച രോഗിയില്‍ വീണ്ടും ശസ്ത്രക്രിയ വഴി വാല്‍വ് മാറ്റിവെക്കുന്നത് ദുഷ്‌കരവും സങ്കീര്‍ണ്ണവുമാണ്. മാത്രമല്ല ഇത്തരത്തില്‍ ചികിത്സ ആവശ്യമായി വരുന്നവരില്‍ ഭൂരിഭാഗം പേരും പ്രായക്കൂടുതലുള്ളവും മറ്റ് അസുഖങ്ങളുള്ളവരുമായിരിക്കും. അതുകൊണ്ട് തന്നെ അനസ്‌തേഷ്യ ഉപയോഗിച്ച് ബോധം കെടുത്തി ശസ്ത്രക്രിയ നിര്‍വ്വഹിക്കുന്നതിലും അപകട സാധ്യത കൂടുതലാണ്. ഈ പുതിയ രീതിയില്‍ രോഗിയെ ബോധം കെടുത്തേണ്ടതില്ല എന്നതും വളരെ പെട്ടെന്ന് തന്നെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കുമെന്നതും മറ്റ് നേട്ടങ്ങളാണ്.