ദുബൈ: 56കാരിയുടെ ഗർഭാശയം മുറിവുകളും പാടുകളുമില്ലാതെ വിജയകരമായി നീക്കം ചെയ്ത് ആസ്റ്റർ ഹോസ്പിറ്റൽ. ഖിസൈസിലെ ആസ്റ്റർ ആശുപത്രിയിലാണ് അത്യാധുനികമായ വിനോട്ട്സ് സാങ്കേതിക വിദ്യയിലൂടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.മുറിവുകൾ ഇല്ലാതാക്കുന്നതിനൊപ്പം രോഗിക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ കഴിയുന്ന വേദന കുറഞ്ഞതും മെച്ചപ്പെട്ടതുമായ ശസ്ത്രക്രിയ നടപടിയാണ് വിനോട്ട്സ്.ഇന്ത്യക്കാരിയായ സരോജാദേവി സെല്‍വരാജാണ് ശസ്ത്രക്രിയക്ക് വിധേയമായത്. ആര്‍ത്തവ വിരാമത്തിന് ശേഷമുളള അസാധാരണമായ രക്തസ്രാവം അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു രോഗി. ജനുവരിയില്‍ നില കൂടുതല്‍ ഗുരുതരമായതോടെ മെഡിക്കല്‍ ഉപദേശം തേടുകയായിരുന്നു. ആസ്റ്റർ ഹോസ്പിറ്റലിൽ നടന്ന സമഗ്രപരിശോധനയിൽ രോഗം നിർണയിച്ചു. പിന്നാലെ ഡോക്ടര്‍മാര്‍ ഗര്‍ഭാശയ നീക്കത്തിനുള്ള നടപടി നിര്‍ദേശിച്ചു.കുറഞ്ഞ മുറിവുകളോടെയുള്ള ശസ്ത്രക്രിയ രോഗി ആഗ്രഹിച്ചതിനാല്‍ ഖിസൈസിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍ ഒബ്സ്റ്റസ്ട്രിക്സ് ആൻഡ് ഗൈനക്കോളജി സ്പെഷലിസ്റ്റായ ഡോ. ഫാത്തിമ സഫയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീം വിനോട്ട്സ് സാങ്കേതികവിദ്യ തിരഞ്ഞെടുക്കുകയായിരുന്നു.വിനോട്ട്സ് സാങ്കേതികവിദ്യ പരമ്പരാഗത ശസ്ത്രക്രിയയേക്കാള്‍ നിരവധി മികച്ച ഫലങ്ങള്‍ നല്കുന്നു. വജീനല്‍ കനാലിലൂടെ ശാസ്ത്രക്രിയ നടത്തപ്പെടുന്നതിനാല്‍ രോഗിയിൽ പാടുകള്‍ കാണപ്പെടുന്നില്ല.ഒപ്പം ആരോഗ്യം വീണ്ടെടുക്കുന്ന സാഹചര്യവും വേഗത്തിലായിരുന്നു. കൂടാതെ ശസ്ത്രക്രിയക്ക് ശേഷം വേഗത്തില്‍ ആശുപത്രി
വിടാനും രോഗിക്ക് സാധിക്കുന്നു.