ആസ്റ്റർ ഡിഎം കെയറിന്റെ ആഗോള സിഎസ്ആർ വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്സും ഡാർ അൽ ഷിഫ എസ്റ്റാബ്ലിഷ്മെന്റ് പോലുള്ള സന്നദ്ധ സംഘടനകളും സെയ്‌ൻ-ഹദ്രാമൗട്ട് മേഖലയിലെ ഗവർണറും ചേർന്നാണ് റേഷൻ കിറ്റ് വിതരണത്തിലൂടെ മാതൃകാപരമായ ദുരിതാശ്വാസ ദൗത്യം ആരംഭിച്ചത്.
ഏകദേശം 1,500 കുടുംബങ്ങൾക്ക് 50 കിലോഗ്രാം വീതമുള്ള റേഷൻ കിറ്റ് ലഭിച്ചു, ഇത് ഏകദേശം 360,000 ഭക്ഷണം നൽകുന്നു.അരി, ഗോതമ്പ് മാവ്, പഞ്ചസാര, പാചക എണ്ണ, ബീൻസ്, പാൽപ്പൊടി, പയർവർഗ്ഗങ്ങൾ, മറ്റ് അവശ്യ ഭക്ഷ്യവസ്തുക്കളും അടങ്ങിയതാണ് കിറ്റ്. യു.എൻ.എഫ്.പിയുടെയും ലോകാരോഗ്യ സംഘടനയുടെയും മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, കൊച്ചുകുട്ടികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും മറ്റ് മുതിർന്നവർക്കും സമീകൃതാഹാരം നൽകുന്നതിന് ഉതകുന്നതാണ് ഈ കിറ്റ് വിതരണം.
കോവിഡ് -19 പ്രതിസന്ധിയുടെ ലോക്ക്ഡൗൺ ആഘാതം, അടുത്തിടെയുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവമൂലം വീടുകളുടെയും ഉപജീവനമാർഗങ്ങളുടെയും നാശത്തിലേക്ക് നയിച്ച സെയ്‌ൻ ഇന്റർനാഷണൽ എയർപോർട്ടിന് സമീപമുള്ള ഹദ്രാമൗട്ട് മേഖലയിലാണ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിലെ സിഎസ്ആർ ഹെഡ് ജലീൽ പിഎയുടെ നേതൃത്വത്തിൽ മേഖലയിലെ സന്നദ്ധ പ്രവർത്തകർക്കൊപ്പം ചേർന്ന് ദൗത്യം പൂർത്തിയാക്കിയത്.
ഈ ദൗത്യത്തിലൂടെ, ആഗസ്റ്റ് 15 മുതൽ സിയൂൺ, തരിം, ഷിബാം പട്ടണങ്ങളിൽ സ്ഥാപിച്ച വിതരണ കേന്ദ്രങ്ങളിൽ നിന്ന് ഭക്ഷണ കിറ്റുകൾ സ്വീകരിച്ച അയ്യായിരത്തോളം വ്യക്തികളെ പിന്തുണയ്ക്കാൻ ആസ്റ്റർ വളണ്ടിയർമാർക്ക് കഴിഞ്ഞു. ആസ്റ്റർ ജീവനക്കാർ സംഭാവന ചെയ്ത ഫണ്ടുകളുടെ സഹായത്തോടെ പ്രാദേശികമായി ഭക്ഷ്യവസ്തുക്കൾ വാങ്ങിയാണ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഈ മാനുഷിക ദൗത്യം പൂർത്തിയാക്കിയത്.