ദുബായ് : കോവിഡ് ഭീതി ഒഴിഞ്ഞുതുടങ്ങിയതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പൂർണതോതിൽ പ്രവർത്തിപ്പിക്കാനുള്ള നടപടി തുടങ്ങി. രണ്ടാഴ്ചയ്ക്കുള്ളിൽ പൂർണശേഷിയിലെത്തുമെന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും എയർപോർട്‌സ് ചെയർമാനും എമിറേറ്റ്‌സ് ഗ്രൂപ്പ് സി.ഇ.ഒ.യുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു.കോവിഡ് തുടങ്ങിയശേഷം ഇതാദ്യമായാണ് ദുബായ് വിമാനത്താവളം പഴയ ശേഷിയിലേക്ക് മടങ്ങിയെത്തുന്നത്. യു.എ.ഇ. സ്വീകരിച്ച ഫലപ്രദമായ കോവിഡ് പ്രതിരോധനടപടിമൂലം പ്രതിദിന കോവിഡ് സംഖ്യ ഇപ്പോൾ 100-നും താഴെയാണ്. തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത് 78 കേസു മാത്രമാണ്.പുതുതായി നടത്തിയ 2,72,261 പരിശോധനകളിൽ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ചികിത്സയിലായിരുന്ന 110 പേർ രോഗമുക്തി നേടുകയും ചെയ്തു.പുതിയ കോവിഡ് മരണങ്ങളില്ല. ആകെ രോഗികളായ 7,39,983 പേരിൽ 7,34,242 പേർ ഇതിനോടകം തന്നെ രോഗമുക്തരായി. 2136 പേരാണ് രാജ്യത്ത് ആകെ മരിച്ചത്.
നിലവിൽ രാജ്യത്ത് 3605 രോഗികളാണ് ചികിത്സയിലുള്ളത്.
അതേസമയം, നവംബർ 14-ന് ആരംഭിക്കാനിരിക്കുന്ന ദുബായ് എയർഷോയ്ക്ക് മുന്നോടിയായി ഒട്ടേറെ സന്ദർശകരാണ് രാജ്യത്തേക്ക് വരാനിരിക്കുന്നത്. കൂടാതെ, എക്സ്‌പോ 2020 ആരംഭിച്ചതോടെയും രാജ്യം ഇതിനകം ഒട്ടേറെ സന്ദർശകരെ സ്വാഗതം ചെയ്തുകഴിഞ്ഞു.്്നവംബറോടെ വിനോദസഞ്ചാര സീസൺകൂടി ആരംഭിക്കുകയാണ്.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള യാത്രാ വിലക്ക് നീക്കിയ സാഹചര്യത്തിൽ വരുംമാസങ്ങളിൽ വലിയസന്ദർശകപ്രവാഹംതന്നെ പ്രതീക്ഷിക്കുന്നുണ്ട്.
ആരോഗ്യസുരക്ഷയ്ക്ക് പ്രഥമപരിഗണന നൽകി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കു മുകളിലുള്ള ആഘാതം കുറയ്ക്കാൻ പരമാവധി ശ്രമിക്കുകയാണെന്നും ശൈഖ് അഹമ്മദ് വ്യക്തമാക്കി.