അജ്‌മാനിലെ ഏറ്റവും പഴയ വിദ്യാലയങ്ങളിലൊന്നായ അൽ അമീർ 33ആം വാർഷികം എമിറേറ്റിലെ അത്യപൂർവ ദൃശ്യവിരുന്നാക്കാൻ തയ്യാറെടുക്കുന്നു. ഡിസംബർ 7ന് അരങ്ങേറുന്ന വിസ്‌മയവേദിയിൽ പൈതൃകാദരത്തോടൊപ്പം നിർമ്മിതബുദ്ധിക്കടക്കം പ്രാതിനിധ്യം ഉൾക്കൊള്ളുന്ന എക്സിബിഷനും തലമുറകൾ മാറ്റുരയ്ക്കുന്ന കലാപ്രകടനങ്ങളും വൈവിധ്യത്തിൻറെ രുചിഭേദങ്ങൾ നിറയുന്ന ഫുഡ് ഫെസ്റ്റിവലും വിദ്യാർഥിപ്രതിഭകൾ ഒപ്പിയെടുത്ത ഹ്രസ്വസിനിമകളും കൊണ്ട് ഒരു പകലിരവ് സമ്പന്നമാകും. ഗ്രാൻഡ് പേരന്റ്സ് വർണ്ണാഭമായ ആദരച്ചടങ്ങിൽ പുതുതലമുറക്കുരുന്നുകളുമായി കൈകോർക്കും.
ഫാന്റസി ഫിയസ്റ്റാ 2024 തികച്ചും നവ്യമായൊരു അനുഭൂതിതലത്തിലേക്കാണ് ആസ്വാദകനെ ക്ഷണിക്കുന്നത്. അലാമെക്‌സ് ശാസ്ത്രത്തിൻറെ നവീനലോകമാണ് അനാവരണം ചെയ്യുന്നത്. ഫന്റാസിയ കുട്ടികളും രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും അധ്യാപകപ്രതിഭകളും ചേർന്ന് വിസ്‌മയലോകം തീർക്കുന്നു. അലാഫ്‌ക ഭക്ഷണത്തിൻറെ അനുഭൂതിപ്രപഞ്ചം ഒരുക്കുന്നു.ഹ്രസ്വചിത്രങ്ങൾ പ്രകൃതിസുസ്ഥിരതയുടെ ആവശ്യകതയിലേക്ക് കണ്ണു തുറപ്പിക്കുന്നു.
പ്രശസ്‌ത മലയാളകവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ്മ അൽ അമീറിൻറെ വാർഷികമഹോത്സവത്തിന് തിരി തെളിയിക്കും. ഒരു സായാഹ്നം അവിസ്‌മരണീയമായ അനുഭവമാക്കാനാണ് കുട്ടികളും രക്ഷിതാക്കളും ചെയർമാൻ എ കെ അബ്ദുൾ സലാമിൻറെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റും ശ്രമിക്കുന്നതെന്ന് പ്രിൻസിപ്പൽ ഡോക്റ്റർ എസ് ജെ ജേക്കബ് അറിയിച്ചു.