അൽ ഐൻ : ഈർപ്പം നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും വെള്ളം ഉൽപ്പാദിപ്പിക്കുന്ന വാട്ടർ കണ്ടൻസേഷൻ ഉപകരണം ഘടിപ്പിച്ച് കൊണ്ട് അൽ ഐൻ മുനിസിപ്പാലിറ്റി. വായുവിൽ നിന്ന് വെള്ളം ഉത്പാദിപ്പിക്കാൻ തികച്ചും പരിസ്ഥിതി സൗഹൃദമായ ഈ ഉപകരണം അൽഐൻ പൊതുപാർക്കിലാണ് സ്ഥാപിച്ചിരിക്കുന്നത്.
ഇത് കൂടാതെ നഗരത്തിന്റെ പ്രത്യേക പ്രദേശങ്ങളിലും ആറ് ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
ഭൂഗർഭവും ഉപ്പുവെള്ളവും ഉപയോഗിക്കാതെ ഈർപ്പത്തിൽ നിന്നും ശുദ്ധജലം ഉൽപാദിപ്പിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് സാങ്കേതിക സംവിധാനം.
ഉപകരണം ഈർപ്പമുള്ള അന്തരീക്ഷ വായുവിൽ നിന്ന് വെള്ളം ഉത്പാദിപ്പിക്കുകയും ഫിൽട്ടർ ചെയ്യുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു.യാതൊരു വിധത്തിലുള്ള മാലിന്യങ്ങളും ഉൽപാദിപ്പിക്കുന്നില്ല.
മാത്രമല്ല ബാക്ടീരിയകളിൽ നിന്നും വായു ശുദ്ധീകരിക്കാനും ഈർപ്പം ക്രമീകരിക്കാനും ഇത് സഹായിക്കുന്നു.
ഏറ്റവും കുറഞ്ഞ ഊർജ്ജം കൊണ്ട് മാത്രം പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഉപകരണം ആണെന്നും ഇതിന്റെ പ്രോജക്ട് മാനേജർ,
എഞ്ചിനീയർ സുൽത്താൻ അഹമ്മദ് അൽ മസാബി, സ്ഥിരീകരിച്ചു. ജലത്തിന്റെയും പ്രകൃതിവിഭവങ്ങളുടെയും സംരക്ഷണത്തിന് ഈ വഴി കാരണമാകുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു