ഇന്ത്യയിൽ വിമാനയാത്രക്കൂലി വൻതോതിൽ വർധിക്കുന്നുവെന്ന പ്രചാരണം ശരിയല്ലെന്ന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൻ പറഞ്ഞു. നാണ്യപ്പെരുപ്പവുമായി തുലനം ചെയ്യുകയാണെങ്കിൽ കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കൂലി വർധിച്ചിട്ടില്ലെന്നും എയർ ഇന്ത്യയുടെ പുതിയ ആസ്ഥാനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു മാധ്യമപ്രവർത്തകരുമായുള്ള സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.
2015 മുതലുള്ള ഉപഭോക്തൃ സൂചികാടിസ്ഥാന വിലക്കയറ്റം, വിമാനടിക്കറ്റ് വിലവർധന എന്നിവയുടെ ഐഎടിഎ രേഖകൾ ഉദ്ധരിച്ച് മിതമായ നിരക്കു വർധനയേ ഇവിടെ ഉണ്ടായിട്ടുള്ളുവെന്ന് അദ്ദേഹം വിശദീകരിച്ചു.ആഭ്യന്തര വിമാന സർവീസ് എയർ ഇന്ത്യ – എയർ ഇന്ത്യ എക്സ്പ്രസ് (വിപണി വിഹിതം 30%), ഇൻഡിഗോ (60%) എന്നീ 2 കമ്പനികളുടെ കുത്തകയാകുന്നത് ടിക്കറ്റ് നിരക്ക് ഇനിയും ഉയർത്തുമെന്ന പ്രചാരണത്തിൽ ആങ്ക വേണ്ട. ഉത്സവ, അവധി സീസണിൽ നിരക്കു വർധിക്കുന്നത് എല്ലായിടത്തുമുള്ളതാണ്. ഇന്ത്യയിൽ ആഭ്യന്തര വിമാനയാത്രാ വിപണി അതിവേഗ വളർച്ചയുടെ പാതയിലാണ്. വൈകാതെ ടിക്കറ്റ് നിരക്ക് സ്ഥിരതയാർജിക്കും – അദ്ദേഹം പറഞ്ഞു