എയർബസിൽനിന്ന് 100 വിമാനങ്ങൾക്ക് കൂടി ഓർഡർ നൽകി എയർ ഇന്ത്യ. പത്ത് എ350, 90 എ320 വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിട്ടുള്ളത്. കഴിഞ്ഞവർഷം എയർബസ്, ബോയിങ് എന്നിവയിൽനിന്നായി 470 വിമാനങ്ങൾക്ക് എയർ ഇന്ത്യ കരാർ നൽകിയിരുന്നു.ഇതിന് പുറമെയാണ് 100 വിമാനങ്ങൾ കൂടി വാങ്ങുന്നത്. ഇവയുടെ പരിപാലനത്തിനായി എയർബസിന്റെ ഫ്ലൈറ്റ് ഹവർ സർവീസ് കോംപോണന്റ് കൂടി എയർ ഇന്ത്യ തെരഞ്ഞെടുത്തിട്ടുണ്ട്.100 എയർബസ് വിമാനങ്ങൾ കൂടി വരുന്നത് എയർ ഇന്ത്യയെ കൂടുതൽ വളർച്ചയുടെ പാതയിൽ എത്തിക്കാൻ സഹായിക്കുമെന്ന് ടാറ്റ സൺസിന്റെയും എയർ ഇന്ത്യയുടെയും ചെയർമാൻ നടരാജൻ ചന്ദ്രശേഖരൻ പറഞ്ഞു. ഇന്ത്യൻ യാത്രക്കാരുടെ വളർച്ച ലോകത്തിന്റെ മറ്റു ഭാഗങ്ങളേക്കാൾ കൂടുതലാണ്. അടിസ്ഥാനങ്ങൾ സൗകര്യങ്ങൾ മെച്ചപ്പെടുകയാണ്. ഒപ്പം അഭിലാഷങ്ങളുള്ള യുവജനത ആഗോളതലത്തിൽ വർധിക്കുകയാണ്. ലോകത്തിന്റെ എല്ലാ കോണുകളിലേക്കും ഇന്ത്യയെ ബന്ധിപ്പിക്കുക എന്ന എയർ ഇന്ത്യയുടെ ലക്ഷ്യത്തെ സാക്ഷാത്കരിക്കാൻ ഇത് നിർണായകമാണെന്നും നടരാജൻ പറഞ്ഞു.100 അധിക വിമാനങ്ങൾക്ക് കൂടി ഓർഡർ നൽകിയതോടെ 344 വിമാനങ്ങളാണ് എയർബസിൽനിന്ന് എയർ ഇന്ത്യക്ക് ലഭിക്കുക. ആറ് എ350എസ് വിമാനങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ട്. ബോയിങ്ങിൽനിന്ന് 220 വിമാനങ്ങളാണ് 2023ൽ ഓർഡർ ചെയ്തിട്ടുള്ളത്. ഇതിൽ 185 എണ്ണം ഇനിയും ലഭിക്കാനുണ്ട്.റോൾസ് റോയ്സിന്റെ ട്രെന്റ് എക്സ്ഡബ്ല്യുബി എൻജിനുള്ള എയർബസ് എ350 വിമാനം ഉപയോഗിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനി കൂടിയാണ് എയർ ഇന്ത്യ. മികച്ച ഇന്ധനക്ഷമതയുള്ള ഈ വിമാനം യാത്രക്കാർക്ക് കൂടുതൽ സുഖകരമായ യാത്രയും വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ ഡൽഹിയിൽനിന്ന് ലണ്ടനിലേക്കും ന്യൂയോർക്കിലേക്കുമെല്ലാം ഈ വിമാനം നേരിട്ട് സർവീസ് നടത്തുന്നുണ്ട്. ആഭ്യന്തര സർവീസ് ലക്ഷ്യമിട്ടാണ് എയർ ഇന്ത്യ എ320 വിഭാഗത്തിൽപെട്ട വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുള്ളത്.