2024 ജൂൺ 5-നാണ് സുനിത വില്യംസും ബുച്ച് വിൽമോറും ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) യാത്ര തിരിച്ചത്. എട്ട് ദിവസത്തെ ദൗത്യമായിരുന്നു ലക്ഷ്യമെങ്കിലും പേടകത്തിലെ സാങ്കേതിക തകരാറുകൾ കാരണം മടക്കയാത്ര പലതവണ മാറ്റിവെക്കേണ്ടിവന്നു. ഒടുവിൽ എട്ട് മാസത്തെ കാത്തിരിപ്പിനു ശേഷം മാർച്ച് 19-ന് ഇരുവരും ഭൂമിയിലേക്ക് തിരിച്ചെത്തും.ബഹിരാകാശ നിലയത്തിലേക്ക് എത്തിയപ്പോൾ സ്റ്റാർലൈനർ പേടകത്തിലെ പ്രൊപ്പൽഷൻ സിസ്റ്റത്തിൽ തകരാർ കണ്ടെത്തി. ഹീലിയം ചോർച്ചയും മറ്റ് ചില പ്രശ്നങ്ങളും കാരണം പേടകത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടു. ഈ സാഹചര്യത്തിലാണ് മടക്കയാത്ര വൈകിയത്. ഇപ്പോൾ 8 മാസത്തിന് ശേഷം സ്പേസ് എക്സിന്റെ ഡ്രാഗൺ ക്യാപ്‌സൂളാണ് സുനിതയെയും ബുച്ചിനെയും സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി ക്രൂ-10 ദൗത്യസംഘവുമായി ഡ്രാഗൺ ക്യാപ്‌സൂൾ മാർച്ച് 12-ന് വിക്ഷേപിക്കും.ആറ് മാസത്തെ പുതിയ ദൗത്യത്തിനായി നാല് ബഹിരാകാശ യാത്രികരെയാണ് ക്രൂ-10 ദൗത്യത്തിൽ നാസ അയക്കുന്നത്. നാസയുടെ ആൻ മക്ലൈൻ, നിക്കോൾ എയേർസ്, ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയുടെ തക്കൂയ ഒനിഷി, റോസ്‌കോസ്‌മോസിൻ്റെ കിരിൽ പെർസോവ് എന്നിവരാണ് ക്രൂ-10 ദൗത്യത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. ഇവർ നിലയത്തിലെത്തി ഒരാഴ്ചയ്ക്കു ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും ഡ്രാഗൺ പേടകത്തിൽ മാർച്ച് 19-ന് ഭൂമിയിലേക്ക് മടങ്ങും. ഈ ദൗത്യം പൂർത്തിയാകുന്നതോടെ ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ ഇന്ത്യക്കാരി എന്ന റെക്കോർഡ് സുനിത വില്യംസ് കരസ്ഥമാക്കും.