യുഎഇ: യുഎഇയിൽ പൊതുമാന്യതയ്‍ക്ക് നിരക്കാത്ത വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ അപ്‍ലോഡ് ചെയ്യുന്നവർക്കെതിരെ നടപടി കർശനമാക്കും. പൊതുമര്യാദകളുടെയും പാരമ്പര്യത്തിന്റെയും സാമൂഹിക സവിശേഷതകളുടെയും സംരക്ഷണം യുഎഇയിലെ നിയമം ഉറപ്പുവരുത്തുന്നുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ഇവ ലംഘിക്കുന്നവര്‍ക്ക് രാജ്യത്ത് കടുത്ത ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.ഇങ്ങനെ വീഡിയോ പോസ്റ്റ് ചെയ്‍തതിന് സ്‍ത്രീക്കും പുരുഷനുമെതിരെ നടപടി എടുത്തു. സ്‍നാപ്ചാറ്റ് അക്കൌണ്ടിലൂടെ അശ്ലീല വീഡിയോ പുറത്തുവിട്ട ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂ ഷന്‍ ഉത്തരവിട്ടു . രാജ്യത്തെ ഓണ്‍ലൈന്‍ നിയമങ്ങളും സാമൂഹിക മര്യാദകളും ലംഘിക്കുന്ന പ്രവൃത്തികളും വാക്കുകളും അടങ്ങിയ വീഡിയോ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ശ്രദ്ധയില്‍പെട്ട വീഡിയോ ക്ലിപ്പ് ആദ്യം ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനാണ് പരിശോധിച്ചത്. ശേഷം അന്വേഷണ ഏജന്‍സി സ്റ്റേറ്റ് അറ്റോര്‍ണി ജനറലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇരുവരുമായും ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ അക്കൌണ്ടുകളും പോസ്റ്റുകളും തിരിച്ചറിഞ്ഞു. ഇതോടെ ഇരുവര്‍ക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ അറ്റോര്‍ണി ജനറല്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
കേസ് കോടതിയിലേക്ക് കൈമാറും മുമ്പുള്ള നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു.
                                










