അബുദാബി: ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്കുള്ള യാത്രാ സർവീസുകൾ ജൂലൈ 21 വരെ നിർത്തിവച്ചിരിക്കുകയാണെന്ന് അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർവേസ് ഉപഭോക്താക്കളെ അറിയിച്ചു.
കോവിഡ് -19 സ്ഥിതിഗതികൾ കാരണമാണ് ഫ്ലൈറ്റ് സസ്പെൻഷൻ നീട്ടാനുള്ള തീരുമാനത്തിലേക്കെത്തിയത്.
നിരോധനം ഇതുവരെ നീക്കിയിട്ടില്ലെന്നും ജൂലൈ 21 വരെ നീട്ടിയിട്ടുണ്ടെന്നും, ഇത്തിഹാദിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യുമെന്നും ഒരു യാത്രക്കാരന്റെ ട്വിറ്റർ അക്കൗണ്ടിലെ ചോദ്യത്തിന് മറുപടിയായി ഇത്തിഹാദ് പറഞ്ഞു.
യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റി പുറപ്പെടുവിച്ച നോട്ടം(NOTAM) ഉദ്ധരിച്ച് ചില മാധ്യമങ്ങൾ നേരത്തെ ഇന്ത്യ, പാക്കിസ്ഥാൻ, ലൈബീരിയ, നമീബിയ, സിയറ ലിയോൺ, ഡിആർ കോംഗോ, ഉഗാണ്ട, സാംബിയ,
വിയറ്റ്നാം, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ 14 രാജ്യങ്ങളിൽ നിന്നും അധികൃതർ താൽക്കാലികമായി ഫ്ലൈറ്റുകൾ നിർത്തിവച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള യാത്രാ വിമാനങ്ങൾ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചിരിക്കുകയാണെന്ന് യുഎഇയുടെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) നേരത്തെ വ്യക്തമാക്കിയിരുന്നു.
ജൂലൈ 7 മുതൽ ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് ദുബായിലെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്സ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, കൃത്യമായ യാത്രാ പ്രോട്ടോക്കോളുകൾക്കും സർക്കാർ അധികാരികളുടെ പ്രസക്തമായ അനുമതികൾക്കുമായി കാത്തിരിക്കുകയാണെന്ന് പറഞ്ഞു.