അബുദാബി: ഗതാഗതക്കുരുക്കുകൾക്കുള്ള മികച്ച പരിഹാരവും പൊതുഗതാഗതങ്ങൾ പ്രോത്സാഹിപ്പിക്കാനുമായി അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാന്സ്പോർട് സെന്റർ. അബുദാബി നഗരിയിലെ ഷെയ്ഖ് സായിദ് പാലം, അൽമക്ത പാലം, മുസഫാ പാലം, ഷെയ്ഖ് ഖലീഫ പാലം എന്നീ ടോൾഗേറ്റുകളാണ് കർശനനിയമനിർദേശങ്ങളാൽ പുതുക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ 2ലക്ഷം പേർ തങ്ങളുടെ വാഹനങ്ങൾ റജിസ്റ്റർ ചെയ്തുകഴിഞ്ഞിരിക്കുന്നു. ഗതാഗത വിഭാഗം മുന്നോട്ട് വെച്ചിരിക്കുന്ന നിയമനിർദേശങ്ങൾ പരിശോധിക്കാം.
* തിരക്കേറിയ സമയങ്ങളായ രാവിലെ 7മുതൽ 9 വരെയും, വൈകുന്നേരം 5 മുതൽ 7 വരെയുമാണ് ടോൾ ഏർപ്പെടുത്തിയിരിക്കുന്നത്. മറ്റു സമയങ്ങളിൽ സൗജന്യമായി യാത്ര തുടരാം.
*4ദിർഹമാണ് ടോൾ നിരക്ക്. ദിവസത്തിൽ പരമാവധി 16 ദിർഹം.
*വെള്ളിയാഴ്ച, ഔദ്യോഗിക അവധിദിവസങ്ങളിൽ ടോൾ ഒഴിവാക്കാം.
*റജിസ്റ്റർ ചെയ്യാതെ ടോൾ കടന്നാൽ 100ദിർഹം വരെ പിഴ ചുമത്തുന്നതാണ്. ആവർത്തിച്ചാൽ 200 മുതൽ 400 ദിർഹം വരെ പിഴ അടയ്ക്കേണ്ടതായിരിക്കും.
*നമ്പർ പ്ലേറ്റോ ടോൾമെഷീനോ ഗേറ്റുകളോ കേടുവരുത്തിയാൽ 10,000 ദിർഹം വരെ പിഴ ചുമത്തുന്നതാണ്.
*ടോൾ ഒഴിവാക്കാൻ സൗജന്യ ബസ് സേവനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.മുഹമ്മദ് ബിൻ സായിദ് സിറ്റി,ഷഹാമ എന്നിവിടങ്ങളിൽ നിന്ന് പാർക്ക് ആന്റ് റൈഡ് ബസ് സേവനം ലഭ്യമാണ്.
*ശനി മുതൽ വ്യാഴം വരെ രാവിലെ 6 മുതൽ 9 വരെയും വൈകുന്നേരം 4 മുതൽ രാത്രി 9 വരെയുമാണ് ബസ് സമയം.
* സീസണിൽ പാസുകളും സൗകര്യമായി ഒരുക്കിയിട്ടുണ്ട്.
* ഭിന്നശേഷിയുള്ളവർ, 60 വയസ്സിന് മുകളിലുള്ള സ്വദേശികൾ, വിരമിച്ചവർ, കുറഞ്ഞ വരുമാനക്കാർ, ആംബുലൻസ്, സൈനിക വാഹനങ്ങൾ, അബുദാബി പോലീസ്, അഗ്നിശമന സേന, ആഭ്യന്തര മന്ത്രാലയം, മറ്റു എമിറേറ്റുകളിലെ പോലീസ് മുദ്രയുള്ള വാഹനങ്ങൾ, അബുദാബിയിൽ റജിസ്റ്റർ ചെയ്ത ടാക്സി പൊതുഗതാഗത വാഹനങ്ങൾ, ഐടിസി അംഗീകൃത സ്കൂൾ ബസ് തുടങ്ങിയവയ്ക്കെല്ലാം ഇളവ് നൽകിയിട്ടുണ്ട്.
*ഇളവുകൾക്കായും വാഹനങ്ങൾ റജിസ്റ്റർ ചെയ്യാനുമായ് ദർബ് ആപ് അല്ലെങ്കിൽ darb.itc.gov.ae എന്ന വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ്.