അബുദാബിയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയ സൗജന്യ പിസിആർ പരിശോധനയ്ക്ക് എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന. തമൂഹ് ഹെൽത്ത് കെയർ, പ്യുവർ ഹെൽത്ത്, എ.ഡി.എസ്.സി തുടങ്ങിയവയ്ക്കു കീഴിലാണ് സൗജന്യ പരിശോധന നടത്തിവരുന്നത്. ഒരു ഗ്രൂപ്പിനു കീഴിലുള്ള 7 കേന്ദ്രങ്ങളിൽ മാത്രമായി കഴിഞ്ഞ ആഴ്ചകളിൽ ദിവസേന ശരാശരി 30,000 പേർ എത്തിയിരുന്നിടത്ത് ഇപ്പോൾ 60,000 പേരോളം എത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. വാരാന്ത്യങ്ങളിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. അബുദാബിയിലെ സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ ഒരിക്കൽ പിസിആർ പരിശോധന നിർബന്ധമാക്കിയിരുന്നു. ചില സ്വകാര്യ സ്ഥാപനങ്ങളും ഇതേ മാതൃക പിന്തുടരുന്നുണ്ട്. അബുദാബിയിൽ ഷോപ്പിങ് മാൾ ഉൾപ്പെടെ വ്യാപാര, വിനോദ കേന്ദ്രങ്ങളിലെ പ്രവേശനത്തിനും ഗ്രീൻ പാസ് നിർബന്ധമാണ്. ഇതാണ് പിസിആർ ടെന്റുകളിലെ തിരക്കു കൂടാൻ കാരണം. ജനുവരി മുതൽ യുഎഇയി ലെ മുഴുവൻ സർക്കാർ ജീവനക്കാർക്കും 14 ദിവസത്തിനിടയിൽ PCRടെസ്റ്റ് എടുക്കണം.വാക്സീൻ എടുത്തവർക്ക് ഒരു തവണ പിസിആർ ടെസ്റ്റ് എടുത്താൽ 14 ദിവസത്തേക്കും വാക്സീൻ എടുക്കാത്തവർക്ക് 7 ദിവസത്തേക്കുമാണ് ഗ്രീൻ പാസ് ലഭിക്കുക. നിശ്ചിത ഇടവേളകളിൽ പിസിആർ എടുത്താലേ ഗ്രീൻപാസ് നിലനിൽക്കൂ. കോവിഡിന്റെ തുടക്കത്തിൽ വീടുകളിൽ എത്തിയായിരുന്നു പരിശോധന. പിന്നീട് സ്കൂളുകൾ, സംഘടനാ ആസ്ഥാനങ്ങൾ, ചർച്ചുകൾ, ലേബർ ക്യാംപുകൾ, വലിയ കമ്പനികൾ എന്നിവ കേന്ദ്രീകരിച്ചും പരിശോധന നടത്തിവന്നു. ഇതിനുശേഷം സഞ്ചരിക്കുന്ന പരിശോധനയും ഒരുക്കി. ഓരോ ഇടങ്ങളിലും എത്തുന്നവരുടെ എണ്ണം കൂടിയതോടെ പ്രധാന സ്ഥലങ്ങളിൽ വിശാലമായ ടെന്റുകൾ സ്ഥാപിച്ച് സേവനം തുടരുകയാണ്. ഇന്ത്യക്കാർ ഉൾപ്പെടെ ആയിരക്കണക്കിനു വിദേശികളാണ് ദിവസേന ഈ സേവനം പ്രയോജനപ്പെടുത്തിവരുന്നത്.
അബുദാബി മുസഫ വ്യവസായ മേഖലകളിൽ മാത്രം വിശാലമായ 4 ടെന്റുകളുണ്ട്. കൂടാതെ മഫ്റഖ്, ഹമീം, അൽബാഹിയ എന്നിവിടങ്ങളിൽ ഓരോ ടെന്റ് വീതവും. ഇതിനു പുറമെ സ്കൂൾ, തൊഴിലാളി ക്യാംപ്, വൻകിട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എത്തുന്ന മൊബൈൽ ക്ലിനികിലൂടെയും പിസിആർ പരിശോധനയ്ക്കു സൗകര്യം ഒരുക്കിവരുന്നു. ദിവസേന രാവിലെ 9.30 മുതൽ രാത്രി 9.30 വരെയാണ് പരിശോധന. എമിറേറ്റ്സ് ഐഡിയുമായാണ് എത്തേണ്ടത്. സന്ദർശക വീസക്കാർ പാസ്പോർട്ട് കരുതണം. സ്ത്രീകൾക്കും പുരുഷന്മാർക്കും കുടുംബമായി എത്തുന്നവർക്കും വ്യത്യസ്ത കൗണ്ടറുകളുണ്ട്. അബുദാബിയിലെ സ്വകാര്യ ആശുപത്രികളിൽ 50 ദിർഹമും ദുബായ് ഉൾപ്പെടെ മറ്റു എമിറേറ്റുകളിൽ 120 ദിർഹമുമാണ് പിസിആർ നിരക്ക്. അതുകൊണ്ടുതന്നെ സൗജന്യ പിസിആർ സേവനം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം കൂടിവരി കയാണ്. 2020 ഏപ്രിലിൽ തുടങ്ങിയ സൗജന്യ പരിശോധന അബുദാബിയിൽ ഇപ്പോഴും തുടരുകയാണ്.