അമിത വണ്ണം തടയുന്നതിന്റെ ഭാഗമായി ഭക്ഷ്യ ഉൽപന്നങ്ങൾക്ക് നിർബന്ധിത പോഷകാഹാര ഗ്രേഡിങ് സംവിധാനം ഏർപ്പെടുത്തി അബുദാബി. 2025 ജൂൺ ഒന്നു മുതൽ നടപ്പാക്കുന്ന പുതിയ നിയമം അനുസരിച്ച് ആദ്യഘട്ടത്തിൽ ബ്രഡ് ഉൾപ്പെടെ ബേക്ക് ചെയ്ത ഉൽപന്നങ്ങൾ, പാചക എണ്ണ, പാൽ ഉൽപന്നങ്ങൾ, കുട്ടികൾക്കായുള്ള ഭക്ഷണ പാനീയങ്ങൾ എന്നിവയ്ക്കാണ് പോഷകാഹാര ഗ്രേഡിങ് നിർബന്ധമാക്കുന്നത്. പിന്നീട് എല്ലാ ഭക്ഷ്യോൽപന്നങ്ങളിലേക്കും വ്യാപിപ്പിക്കും.
ഉൽപന്നത്തിൽ അടങ്ങിയ പോഷകമൂല്യത്തിന്റെ നിലവാരം അനുസരിച്ച് എ മുതൽ ഇ വരെ തരംതിരിച്ച് കവറിനു പുറത്ത് പതിപ്പിക്കുന്നതാണ് ന്യൂട്രി-മാർക്ക്. നിലവാരം മെച്ചപ്പെടുത്തി ഉയർന്ന ഗ്രേഡിലേക്കു വരാനും ഉൽപാദകരെ ഇത് പ്രേരിപ്പിക്കും. വിപണിയിലെ എല്ലാ ഉൽപന്നങ്ങളുടെയും പോഷകാഹാര മൂല്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. അബുദാബി രാജ്യാന്തര ഭക്ഷ്യോൽപന്ന പ്രദർശനത്തോടനുബന്ധിച്ച് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അബുദാബി ക്വാളിറ്റി കൺട്രോൾ ആൻഡ് ഹെൽത്ത് ആണ് ന്യൂട്രി-മാർക്ക് പ്രഖ്യാപിച്ചത്.